രാജ്യത്ത് പൊതു അവധി ദിവസങ്ങളിലും കോവിഡ് വാക്സീന്‍ വിതരണം നടത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഏപ്രിൽ ഒന്നാം തീയതി മുതൽ 30 വരെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ഒരു ദിവസവും വാക്സീന്‍ വിതരണം തടസ്സപ്പെടരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി.
നിയന്ത്രണാതീതമായി രോഗബാധ ഉയരുന്ന സാഹചര്യത്തില്‍ പരമാവധി ആളുകൾക്ക് അതിവേഗം വാക്സീന്‍ നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇതോടെ അവധി ദിവസങ്ങളായ ദുഃഖ വെള്ളി, ഈസ്റ്റര്‍, വിഷു, മഹാവീര ജയന്തി എന്നീ ദിവസങ്ങളിലും വാക്സീന്‍ ലഭ്യമാകും.
കോവിഡ് വാക്സിനേഷന്റെ പെട്ടെന്നുള്ള വർധനവ് ഉറപ്പാക്കുന്നതിന് എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളും പരമാവധി പ്രയോജനപ്പെടുത്താൻ മാർച്ച് 31ന് കേന്ദ്രം സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളുമായി ചർച്ച നടത്തിയിരുന്നു. അതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നടപടി.