അമേരിക്ക: വാക്സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനനുസരിച്ച് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തി അമേരിക്കന്‍ ഭരണകൂടം. പൂര്‍ണമായി കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തവര്‍ക്ക് മാസ്‌ക് ഇല്ലാതെ വീടുകളിലും ചെറിയ ഒത്തുകൂടലുകളും നടത്താമെന്നതാണ് പുതിയ മാറ്റം.
എന്നാല്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും, പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്നും അമേരിക്കന്‍ സര്‍ക്കാര്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വാക്സിന്‍ സ്വീകരിക്കാത്തവരെയും വലിയ അപകട സാധ്യതയുള്ളവരെയും സന്ദര്‍ശിക്കുമ്പോഴും മാസ്‌ക് നിര്‍ബന്ധമാണ്. പ്രതിദിനം 60000 പുതിയ കേസുകള്‍ ഉണ്ടാകുന്നുണ്ടെന്നും വാക്സിന്‍ എടുക്കാത്തവരെയും സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണന്നും സിഡിസി ഡയറക്ടര്‍ റോഷലെ വാലെന്‍സ്‌കി മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.
കൊവിഡ് എന്ന മഹാമാരി ഇല്ലാത്ത ഒരു ജീവിതത്തിലേക്ക് മടങ്ങിപ്പോവാന്‍ ആഗ്രഹിക്കുന്ന ജനതയാണ് ലോകത്തെങ്ങും ഉള്ളത് അതിനുള്ള മാര്‍ഗ്ഗമാണ് പ്രതിരോധ കുത്തിവയ്പ്. അമേരിക്കയില്‍ കൊവിഡ് വാക്സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നു, അത് രാജ്യത്തെ പഴയ നിലയിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് അമേരിക്കന്‍ ഭരണകൂടം.
അതേസമയം ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 11.77 കോടിയും കടന്ന് മുന്നോട്ട് കുതിക്കുകയാണ്. 117,719,206 പേര്‍ക്കാണ് ലോകത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. 2,611,025 പേര്‍ ഇതുവരെ വൈറസ് ബാധിതരായി മരണത്തിനു കീഴടങ്ങി. 93,359,895 പേര്‍ ഇതുവരെ രോഗമുക്തി നേടിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
വേള്‍ഡോ മീറ്ററും ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും ചേര്‍ന്ന് പുറത്ത് വിട്ട കണക്കുകള്‍ പ്രകാരമാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 267,249 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതേ സമയത്ത് 5,733 പേര്‍ കോവിഡ് ബാധയേത്തുടര്‍ന്ന് മരണമടയുകയും ചെയ്തു.
നിലവില്‍ 21,748,286 പേര്‍ വൈറസ് ബാധിതരായി ചികിത്സയിലുണ്ടെന്നാണ് വിവരം. ഇതില്‍ 89,852 പേരുടെ നില അതീവ ഗുരുതരമാണ്. ആഗോള തലത്തില്‍ 21 രാജ്യങ്ങളില്‍ ഒരു ലക്ഷത്തിനു മുകളില്‍ ആളുകളെ കോവിഡ് ബാധിച്ചെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, സ്‌പെയിന്‍, ഇറ്റലി, തുര്‍ക്കി, ജര്‍മനി, കൊളംബിയ, അര്‍ജന്റീന, മെക്‌സിക്കോ, പോളണ്ട്, ഇറാന്‍ എന്നീ രാജ്യങ്ങളാണ് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ആദ്യ 15ല്‍ ഉള്ളത്.