കൊച്ചി: കൊച്ചി നഗരത്തില്‍ സമൂഹ വ്യാപനമില്ലെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. കണ്ടെയിന്‍മെന്റ് സോണുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രധാന മാര്‍ക്കറ്റുകള്‍ അടക്കുമെന്നും മന്ത്രി പറഞ്ഞു. 12 പേര്‍ക്കാണ് ജില്ലയില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.
ജില്ലയില്‍ സമ്പര്‍ക്ക രോഗ ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് കൂടുതല്‍ പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചത്. സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ആലുവ, മുളവുകാട്, ചെല്ലാനം എന്നിവിടങ്ങളില്‍ ആക്റ്റീവ് സര്‍വെയിലന്‍സ് പ്രഖ്യാപിച്ചു. ഈ മേഖലകളില്‍ സാമ്പിള്‍ ശേഖരണത്തിനായി പ്രത്യേക ടീമുകളെ നിയോഗിച്ചിട്ടുണ്ട്.
അതേസമയം, ജില്ലയില്‍ സമൂഹ വ്യാപനമില്ലെന്നും ആളുകള്‍ക്കിടയില്‍ ജാഗ്രതക്കുറവ് ഉണ്ടാവരുതെന്നും മന്ത്രി പറഞ്ഞു. കണ്ടെയിന്‍മെന്റ് സോണുകളില്‍ ആവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളുടെ സമയം എട്ട് മണി മുതല്‍ ഒരു മണി വരെ ആക്കി ക്രമീകരിച്ചു. കൂടുതല്‍ പേരില്‍ നിന്നും ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ സാമ്പിളുകള്‍ ശേഖരിക്കും. ഉറവിടമറിയാത്ത ഒന്‍പത് കേസുകള്‍ ആണ് ജില്ലയില്‍ നിലവിലുള്ളത്.