‘ഇതെന്തൊരു വിരോധാഭാസം’ പത്തു രൂപ നികുതി അടയ്ക്കാന്‍ 20 രൂപ ഫീസ് ഈടാക്കുന്നതിനെ പരിഹസിച്ച് വി.എസ്
തിരുവനന്തപുരം: പത്ത് രൂപ നികുതി അടയ്ക്കാന്‍ അക്ഷയകേന്ദ്രങ്ങളില്‍ 20 രൂപ ഫീസ് ഈടാക്കുന്നതിനെ പരിഹസിച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. ഇക്കാര്യം പരിശോധിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. മികച്ച ഭരണത്തിന് ഇ-ഗവേണന്‍സ് എന്ന വിഷയത്തില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ സേവനങ്ങള്‍ക്കും ആധാര്‍ നല്‍കാന്‍ നിര്‍ബന്ധിക്കുന്നത് ഇ-ഗവേണ്‍സിന്റെ ചെലവില്‍ മറ്റ് ചില അജണ്ടകള്‍ കൂടി നടപ്പാക്കുന്നതിന് തുല്യമാണെന്നും വി.എസ് പറഞ്ഞു. പുതിയ കാലത്ത് സേവനം നല്‍കാന്‍ ഓലയും എഴുത്താണിയും പറ്റില്ല. ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പൂര്‍ണമായും പ്രായോഗികമായും പ്രയോജനപ്പെടുത്തിയേ തീരൂ. പ്രായോഗികതയില്‍ ഊന്നിയുള്ള സമീപനങ്ങളാണ് നമുക്ക് വേണ്ടത്. സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കണമെന്ന ധാരണയ്ക്കപ്പുറം ഈ വിഷയത്തില്‍ താന്‍ വിദഗ്ധനല്ലെന്നും വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.