KeralaNews

കേരളത്തിൽ ഉളുപ്പില്ലായ്മയ്ക്ക് ഒരു പര്യായപദമുണ്ടെങ്കിൽ അത് പിണറായി വിജയനാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

തിരുവനന്തപുരം : മീശ നോവലിന് സാഹിത്യ അക്കാദമി പുരസ്‌കാരം നൽകിയതിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. കേരളത്തിൽ ഉളുപ്പില്ലായ്മയ്ക്ക് ഒരു പര്യായപദമുണ്ടെങ്കിൽ അത് പിണറായി വിജയനാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഹിന്ദു സമൂഹത്തെ വേദനിപ്പിച്ച എസ്. ഹരീഷിന്റെ മീശ എന്ന നോവലിലൂടെ പിണറായിയും കൂട്ടരും നൽകുന്ന സന്ദേശമെന്താണെന്നും അദ്ദേഹം ചോദിച്ചു.

ശബരിമലയിൽ വിശ്വാസികളുടെ ചങ്കിൽ കത്തിയിറക്കിയ പിണറായി വിജയനിൽ നിന്ന് ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ല. കേരളത്തിലെ ഹിന്ദു വിശ്വാസികളുടെ പ്രതിഷേധം സർക്കാർ മുഖവിലയ്ക്കുപോലും എടുക്കുന്നില്ല എന്നതിന്റെ തുടർച്ചയായി വേണം മീശയ്ക്ക് പുരസ്‌കാരം നൽകിയ പ്രഖ്യാപനത്തെ കാണാൻ.

മീശ നോവലിലെ വിവാദ ഭാഗം 2018 ജൂലൈയിൽ ഫേസ്ബുക്കിൽ ഇടാൻ എം.വി ജയരാജന് അന്ന് നിർദ്ദേശം നൽകിയത് മുഖ്യമന്ത്രിയായിരുന്നോ എന്നു കൂടി വ്യക്തമാക്കണം. ഹൈന്ദവബിംബങ്ങളെയും, സ്ത്രീകളെയും അപമാനിക്കുന്നവരെ ആദരിക്കുകയും മഹത്വവത്കരിക്കുകയും ചെയ്യുകയെന്ന ഇടത് നയം അവാർഡ് പ്രഖ്യാപനത്തിലും പ്രകടമാണ്.

വിശ്വാസികളായ ഹൈന്ദവ സ്ത്രീകൾക്ക് മീശ ഉണ്ടാക്കിയ വേദന ചെറുതല്ലെന്ന് അക്കാദമിയുടെ തലപ്പത്തിരിക്കുന്നവർ മനസ്സിലാക്കണം. നോവൽ ആദ്യം പ്രസിദ്ധീകരിച്ച മാതൃഭൂമി മാപ്പു പറഞ്ഞതും ഈ ഘട്ടത്തിൽ ഓർമ്മിപ്പിക്കുകയാണ്. പിണറായി സർക്കാരിന്റെ മീശ പിരിച്ചുള്ള വെല്ലുവിളി വിശ്വാസികൾ മാത്രമല്ല കേരളത്തിന്റെ പൊതു സമൂഹമൊട്ടാകെ കണ്ണുതുറന്ന് കാണുന്നുണ്ടെന്ന് മറക്കേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button