തിരുവനന്തപുരം: തിരുവന്തപുരം സിപിഎം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ജില്ലാ സെക്രട്ടറി വി ജോയി. മധു മുല്ലശ്ശേരി പാര്‍ട്ടി വിട്ട സാഹചര്യം അടക്കം പറഞ്ഞു കൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. മധുവിനെതിരെ രൂക്ഷമായ ആരോപണങ്ങളും ജോയി ഉന്നയിച്ചു. പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണമാണ് മധുവെന്ന് വി ജോയ് വിമര്‍ശിച്ചു.
താന്‍ ജില്ലാ സെക്രട്ടറിയായപ്പോള്‍ ഒരു പെട്ടി നിറയെ വസ്ത്രങ്ങളും വിദേശ സ്‌പ്രേയും 50000 രൂപയുമായി മധു മുല്ലശ്ശേരി തന്നെ കാണാന്‍ വന്നിരുന്നു. പെട്ടിയെടുത്ത് ഇറങ്ങി പോകാന്‍ താന്‍ ആവശ്യപ്പെട്ടെന്നും വി ജോയ് പറഞ്ഞു. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ മറുപടി പ്രസംഗത്തിലായിരുന്നു വി ജോയിയുടെ പരാമര്‍ശനം.
അതേസമയം മുതുര്‍ന്ന നേതാവ് വഞ്ചിയൂര്‍ ബാബുവിനും മറുപടി പ്രസംഗത്തില്‍ വി ജോയി വിമര്‍ശിച്ചു. മാന്യമായ ഭാഷയില്‍ സംസാരിക്കണമെന്നും വനിതാ സഖാക്കളോട് മോശം ഭാഷയും പെരുമാറ്റവും പാടില്ലെന്നും അദ്ദേഹം പറഞ്ഞു. മുല്ലശേരി മധു കഴക്കൂട്ടം വഴിപോയപ്പോള്‍ വെറുതെ കസേരയില്‍ കയറി ഇരുന്നതല്ല. ജില്ലാ-സംസ്ഥാന നേതൃത്വമാണ് മധുവിനെ ഏരിയാ സെക്രട്ടറിയാക്കിയത്. മധു മുല്ലശേരിയെ ഏരിയാ സെക്രട്ടറിയാക്കിയ ഉത്തരവാദിത്തത്തില്‍ നിന്ന് നേതൃത്വത്തിന് ഒഴിഞ്ഞു മാറാനാവില്ല.
മധു മുല്ലശ്ശേരി ബിജെപിയോട് അടുത്തതും ആറ്റിങ്ങല്‍ മണ്ഡലത്തിലെ ബിജെപി വളര്‍ച്ചയും ഒന്നും തിരിച്ചറിയാന്‍ കഴിയാതെ പോയി എന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. അതേസമയം, ആഭ്യന്തര വകുപ്പിനും പൊലീസിനുമെതിരെ രൂക്ഷവിമര്‍ശനമാണ് സിപിഎം തിരുവനനന്തപുരം ജില്ലാ സമ്മേളന പ്രതിനിധികള്‍ ഉന്നയിച്ചത്. തിരുവന്തപുരം മേയര്‍ക്കെതിരെയും രൂക്ഷ വിമര്‍ശനം ഉയര്‍ന്നു.
മേയര്‍ക്ക് ധിക്കാരവും ധാര്‍ഷ്ട്യവുമെന്ന് പ്രതിനിധികള്‍ സമ്മേളനത്തില്‍ വിമര്‍ശിച്ചു. ദേശീയ- അന്തര്‍ദേശിയ പുരസ്‌കാരങ്ങള്‍ വാങ്ങിയിട്ട് കാര്യമില്ലെന്നും ജനങ്ങളുടെ അവാര്‍ഡാണ് വേണ്ടതെന്നും കുറ്റപ്പെടുത്തലുണ്ട്. അതില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ തികഞ്ഞ പരാജയമെന്നും വിമര്‍ശനം. ഈ നിലയ്ക്ക് പോയാല്‍ നഗരസഭ ഭരണം ബിജെപി കൊണ്ടു പോകുമെന്നാണ് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടത്.
എസ്എഫ്ഐക്കെതിരെയും രൂക്ഷവിമര്‍ശനമുണ്ട്. യൂണിവേഴ്സിറ്റി കോളജിലെ അക്രമങ്ങളുടെ പേരിലാണ് വിമര്‍ശനം. എസ്എഫ്ഐ അക്രമകാരികളുടെ സംഘടനയായി മാറി. സമരസംഘടനയായിരുന്ന ഡിവൈഎഫ്‌ഐ ചാരിറ്റി സംഘടനയായെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ഉഥഎക നിര്‍ജ്ജീവമെന്നും പ്രതിനിധികള്‍ പറയുന്നു. ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്കും റിപോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. കരമന ഹരി, എസ്.എ.സുന്ദര്‍, എം.എം ബഷീര്‍, മടവൂര്‍ അനില്‍ എന്നീ നേതാക്കള്‍ക്കാണ് വിമര്‍ശനം. നാക്കിന് നിയന്ത്രണമില്ലാത്ത നേതാവാണ് കരമന ഹരിയെന്ന് അഭിപ്രായമുയര്‍ന്നു.
ജില്ലാ കമ്മിറ്റിയില്‍ മുഖ്യമന്ത്രിക്ക് എതിരെ രൂക്ഷ വിമര്‍ശനം നടത്തിയ നേതാവാണ് കരമന ഹരി. വിഭാഗീയത ഉണ്ടാക്കാന്‍ ശ്രമിക്കുന്നു എന്നതാണ് എസ്.എ. സുന്ദറിന് എതിരായ വിമര്‍ശനം. വിഭാഗിയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എം എം ബഷീര്‍ ഇടപെടുന്നില്ലെന്നും വിമര്‍ശനം. സമ്മേളനത്തിലെ പൊതു ചര്‍ച്ച പൂര്‍ത്തിയായിക്കഴിഞ്ഞു. ചര്‍ച്ചയില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കാണ് വി ജോയി മറുപടി നല്‍കിയത്.