ഭോപ്പാല്‍: കൊറോണ മരണങ്ങളുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഞെട്ടിക്കുന്ന പ്രതികരണവുമായി മധ്യപ്രദേശ് മന്ത്രി. മധ്യപ്രദേശിലെ ശിവരാജ് സിംഗ് ചൌഹാന്‍ മന്ത്രിസഭയിലെ അംഗവും കൊറോണ ബന്ധപ്പെട്ട ഒരുക്കങ്ങളുടെ ചുമതലയുള്ള മന്ത്രിയുമായ പ്രേം സിംഗ് പാട്ടീലാണ് വിവാദ പ്രസ്താവനയുമായി രംഗത്ത് എത്തിയത്.
കൊവിഡ് ബാധിച്ചുള്ള മരണങ്ങള്‍ സംസ്ഥാനത്ത് കൂടുകയാണല്ലോ എന്ന ചോദ്യത്തിന്, ‘ആര് വിചാരിച്ചാലും ഈ മരണങ്ങള്‍ തടഞ്ഞു നിര്‍ത്താന്‍ സാധിക്കില്ല, എല്ലാവരും കൊറോണയ്ക്കെതിരായ സംരക്ഷണത്തിന് സഹകരിക്കുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കും, നിങ്ങള്‍ പറയുന്നു കുറേപ്പേര്‍ ദിവസവും മരിക്കുന്നുവെന്ന്. ജനങ്ങള്‍ക്ക് വയസായാല്‍ അവര്‍ മരിക്കും’- മന്ത്രി വാര്‍ത്ത ഏജന്‍സി എഎന്‍ഐയോട് പറഞ്ഞു.
#WATCH: MP Minister Prem Singh Patel speaks on deaths due to #COVID19. He says, "Nobody can stop these deaths. Everyone is talking about cooperation for protection from Corona…You said that many people are dying every day. People get old and they have to die." (14.04.2021) pic.twitter.com/os3iILZGyM
— ANI (@ANI) April 15, 2021
നേരത്തെ കുംഭമേളയിലെ ജനക്കൂട്ടത്തെ തടയുന്നതിൽ സർക്കാരിന് ഗുരുതരമായ വീഴ്ച വന്നതായി ആരോപണമുയർന്നിരുന്നു. ഹരിദ്വാറിലെ കുംഭമേളയില്‍ പങ്കെടുത്ത നാലായിരത്തിലധികം പേര്‍ക്ക് കൊവിഡ്. 4,201 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കുംഭമേളയില്‍ പങ്കെടുത്ത ഒരാള്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. നിര്‍വ്വാണി അഖാഡാ അംഗം മഹാമണ്ഡലേശ്വര്‍ കപില്‍ദേവ് ആണ് മരിച്ചത്.
കുംഭമേളയില്‍ പങ്കെടുത്തതിന് പിന്നാലെ മഹാമണ്ഡലേശ്വര്‍ കപില്‍ദേവ് കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഇന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നു.
കൊവിഡ് ആശങ്ക സൃഷ്ടിക്കുമ്പോഴും കുംഭമേള നേരത്തെ അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് അധികൃതര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഏപ്രില്‍ 30 വരെ തുടരുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു. കുംഭമേളയുടെ ഭാഗമായി ആയിരക്കണക്കിനാളുകളാണ് ഗംഗയുടെ തീരത്ത് സ്നാനം ചെയ്യാന്‍ എത്തുന്നത്. ബുധനാഴ്ച ഉച്ചവരെ 10 ലക്ഷം പേര്‍ സ്നാനം ചെയ്യാന്‍ എത്തിയെന്നാണ് സര്‍ക്കാര്‍ കണക്ക്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ മെയ് 20 വരെ നീട്ടി. പുതുക്കിയ തീയതി മെയ് ആദ്യ ആഴ്ച തീരുമാനിക്കും. ഇതിന് പുറമേ എല്ലാ സ്‌കൂളുകളും മെയ് പതിനഞ്ച് വരെ അടച്ചു. യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ഉത്തർപ്രദേശിൽ ബോർഡ് പരീക്ഷകൾ മെയ് എട്ടിന് ആരംഭിക്കാനിരുന്നതായിരുന്നു തീരുമാനിച്ചത്. സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയർന്ന സാഹചര്യത്തിൽ സ്‌കൂളുകൾ തുറക്കുന്നതും പരീക്ഷകൾ നടത്തുന്നതും ഉചിതമല്ലെന്ന് യോഗത്തിൽ അഭിപ്രായം ഉയർന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷകൾ നീട്ടാനും സ്‌കൂളുകൾ അടയ്ക്കാനുമുള്ള തീരുമാനം.
അതിനിടെ പത്ത് ജില്ലകളിൽ നൈറ്റ് കർഫ്യൂ ഏർപ്പെടുത്താനും തീരുമാനിച്ചു. ലക്നൗ, അലഹബാദ്, വാരാണസി, പ്രയാഗ്രാജ്, കാൻപൂർ, ഗൗതംബുദ്ധ്നഗർ, ഗാസിയാബാദ്, മീററ്റ്, ഗൊരഖ്പൂർ എന്നീ ജില്ലകളിലാണ് നൈറ്റ് കർഫ്യൂ ഏർപ്പെടുത്തിയത്. രാത്രി എട്ടുമണി മുതൽ രാവിലെ ഏഴ് മണിവരെയാണ് നിയന്ത്രണം.