30 C
Kottayam
Saturday, May 11, 2024

ഉത്രവധക്കേസ്; സൂരജിനേയും സുരേഷിനേയും വനം വകുപ്പ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും

Must read

കൊല്ലം: അഞ്ചല്‍ ഉത്ര വധക്കേസിലെ ഒന്നാം പ്രതി സൂരജിനേയും രണ്ടാം പ്രതി സുരേഷിനേയും വനം വകുപ്പ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. പ്രതികളുമായി വിവിധ ഇടങ്ങളില്‍ തെളിവെടുപ്പ് നടക്കും. സൂരജിന്റെ സഹോദരിയെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്‌തേക്കും.

അനധികൃതമായി പാമ്പിനെ കൈവശം വച്ചു, പണത്തിന് കൈമാറി, പാമ്പിനെ തല്ലി കൊന്നു എന്നീ കേസുകളില്‍ തെളിവെടുപ്പ് നടത്താനാണ് വനംവകുപ്പ് സൂരജിനെയും സുരേഷിനേയും കസ്റ്റഡിയില്‍ വാങ്ങുന്നത്. ഇന്ന് 11 മണിക്ക് പുനലൂര്‍ വനം കോടതി ഇരുവരേയും വനംവകുപ്പിന് കൈമാറും. എത്ര ദിവസത്തേക്കാണ് കസ്റ്റഡി അനുവദിക്കുക എന്ന കാര്യവും രാവിലെയാവും കോടതി തീരുമാനിക്കുക. പാമ്പിനെ സുരേഷ് സൂരജിന് കൈമാറിയ ഏനാത്ത്, കല്ലുവാതുക്കല്‍, അടൂര്‍ പറക്കോട്ടെ വീട്, ഉത്രയുടെ വീട് എന്നിവിടങ്ങളില്‍ തെളിവെടുപ്പ് നടക്കും.

അഞ്ചലിലെ ഫോറസ്റ്റ് റേഞ്ച് ഓഫീസിലായിരിക്കും പ്രതികളെ സൂക്ഷിക്കുക. പ്രതികള്‍ക്ക് നേരെ ആക്രമണം ഉണ്ടായേക്കുമെന്ന് നേരത്തെ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷ ഒരുക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.

അതേസമയം സൂരജിന്റെ സഹോദരിയെ വീണ്ടും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം തീരുമാനിച്ചു. ഈ ആഴ്ച തന്നെ ചോദ്യം ചെയ്യാനാണ് നീക്കം. കേസിന്റെ അന്വേഷണ പുരോഗതി സംസ്ഥാന പോലീസ് മേധാവി വിലയിരുത്തി. അന്വേഷണ സംഘത്തില്‍ പാമ്പിനെ കുറിച്ച് പഠനം നടത്തിയിട്ടുള്ള രണ്ട് വിദഗ്ധരെ ഉള്‍പ്പെടുത്താന്‍ തീരുമാനമായിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week