കൊല്ലം: ഉത്രയെ കൊല്ലാന്‍ ഉപയോഗിച്ച മൂര്‍ഖന്‍ പാമ്പിനെ 11 ദിവസം പട്ടിണിക്കിട്ടെന്ന് സൂരജിന്റെ മൊഴി. ഉത്രയെ കൊല്ലാനായി പുറത്തെടുത്ത ദിവസം പാമ്പ് തന്റെ നേരേ ചീറ്റിയെന്നും ഇത് കണ്ട് ഭയന്നുപോയെന്നും സൂരജ് പറഞ്ഞു. ഭക്ഷണമില്ലാതെ കുപ്പിക്കുള്ളില്‍ കിടന്ന പാമ്പ് അക്രമകാരിയായിരുന്നു. പാമ്പിന്റെ അപ്രതീക്ഷിതമായ ചീറ്റലില്‍ താന്‍ ഭയന്നു.
ഏപ്രില്‍ 24 മുതല്‍ മെയ് ആറ് വരെയാണ് മൂര്‍ഖന്‍ പാമ്പിനെ സൂരജ് കുപ്പിയില്‍ അടച്ച് സൂക്ഷിച്ചത്. നേരത്തെ അണലിയെക്കൊണ്ട് ഉത്രയെ കടിപ്പിച്ചത് അര്‍ധരാത്രി 12.45 നാണെന്നും പ്രതി സമ്മതിച്ചു. സൂരജ് പലതവണ പാമ്പിനെ വീട്ടില്‍ കൊണ്ടുവന്നിട്ടുണ്ടെന്ന് അമ്മയും സഹോദരിയും സമ്മതിച്ചിട്ടുണ്ട്.
സൂരജിന്റെ വീട്ടില്‍ മാര്‍ച്ച് രണ്ടിനാണ് ആദ്യമായി ഉത്രയ്ക്ക് പാമ്പുകടിയേല്‍ക്കുന്നത്. ഇതിനും രണ്ടുദിവസംമുന്പ് ഇതേ അണലിയെ ഉപയോഗിച്ച് ഉത്രയെ സൂരജ് അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. അന്ന് വീടിന്റെ മുകള്‍നിലയിലേക്കുള്ള പടിക്കെട്ടിന്റെ മധ്യഭാഗത്തായി ഉത്ര പാമ്പിനെ കണ്ടിരുന്നു. ഉത്ര നിലവിളിച്ചപ്പോള്‍ സൂരജ് ഒന്നുമറിയാത്ത ഭാവത്തിലെത്തി പാമ്പിനെ അനായാസം എടുത്ത് മുകളിലത്തെ നിലയിലേക്കു പോയി. ഇതിനെ ചാക്കിലാക്കി വീടിനു പിന്നിലേക്ക് എറിഞ്ഞുകളഞ്ഞെന്ന സൂരജിന്റെ മൊഴി പോലീസ് വിശ്വസിച്ചിട്ടില്ല.