തെളിവുകള്‍ നിരത്തി രേണുകയുടെ കള്ളത്തരങ്ങള്‍ ഓരോന്നായി പൊളിച്ച് അന്വേഷണ സംഘം, ഭാവ വ്യത്യാസമില്ലാതെ സൂര്യ; ഉത്ര വധക്കേസില്‍ സൂരജിന്റെ അമ്മയേയുംടേയും സഹോദരിയേയും ചോദ്യം ചെയ്യുന്നു
കൊല്ലം: ഉത്രയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി സൂരജിന്റെ അമ്മയെയും സഹോദരി സൂര്യയെയും ക്രൈംബ്രാഞ്ച് പ്രത്യേകം ചോദ്യം ചെയ്യുന്നു. ഇരുവരെയും രണ്ട് മുറികളിലായി ഇരുത്തിയാണ് ചോദ്യം ചെയ്യുന്നത്. കരഞ്ഞുകൊണ്ട് തനിയ്ക്ക് ഇതേപ്പറ്റി ഒന്നുമറിയില്ലെന്നാണ് അമ്മ രേണുക ആദ്യം പ്രതികരിച്ചത്. എന്നാല്‍ തങ്ങളുടെ പക്കലുള്ള തെളിവുകളെ അടിസ്ഥാനമാക്കിയുള്ള ചോദ്യം ചെയ്യലില്‍ രേണുക പതറി. പിന്നീട് അന്വേഷണ സംഘവുമായി സഹകരിക്കാന്‍ തുടങ്ങിയെന്നാണ് വിവരം.
സൂര്യയ്ക്ക് ഭാവ വ്യത്യാസങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. രേണുകയെ ചോദ്യം ചെയ്ത അതേ ഉദ്യോഗസ്ഥന്‍ പിന്നീട് സൂര്യയെ ചോദ്യം ചെയ്യും. രണ്ടുപേരുടെയും മൊഴികള്‍ രേഖപ്പെടുത്തിയ ശേഷം ഇരുവരെയും ഒന്നിച്ചിരുത്തി വീണ്ടും ചോദ്യം ചെയ്യും. മൂന്നാം ഘട്ടത്തില്‍ സൂരജിനെയും ഇവര്‍ക്കൊപ്പമെത്തിച്ച് ചോദ്യം ചെയ്യുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
വൈകിട്ടോടെ ചോദ്യം ചെയ്യല്‍ അവസാനിക്കും. അറസ്റ്റ് വേണമോ വേണ്ടയോയെന്ന കാര്യത്തില്‍ അവസാന നിമിഷത്തിലേക്ക് അന്തിമ തീരുമാനമെടുക്കുകയുള്ളു. കൊലപാതകത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നതാണ് പ്രധാനമായും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. ഗാര്‍ഹിക പീഢനം, തെളിവ് നശിപ്പിക്കല്‍, കബളിപ്പിച്ച് സ്വര്‍ണം കൈക്കലാക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി സൂരജിന്റെ പിതാവ് സുരേന്ദ്രന്‍.കെ.പണിക്കരെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തിരുന്നു. അമ്മയ്ക്കും സഹോദരിയ്ക്കും ഇതേ വകുപ്പുകളിട്ട് കേസെടുക്കാന്‍ സാദ്ധ്യതയുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചനകള്‍.
എന്നാല്‍ കൊലപാതകവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ പിന്നീട് കൂട്ടിച്ചേര്‍ക്കാനാണ് സാധ്യത. അടൂര്‍ പറക്കോട്ടെ വീട്ടില്‍ നിന്നും പിങ്ക് പോലീസ് സംഘത്തിന്റെ വാഹനത്തിലാണ് രേണുകയെയും സൂര്യയെയും ഉച്ചയ്ക്ക് ഒന്നേകാലിന് കൊട്ടാക്കരയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ കൊണ്ടുവന്നത്. രാവിലെ പത്ത് മണിയ്ക്ക് ഇവിടെ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും പോലീസ് വന്നുകൊണ്ടുപോകണമെന്ന തീരുമാനത്തിലായിരുന്നു രേണുകയും സൂര്യയും.