KeralaNews

നിര്‍ണായകമായത് ഡമ്മി പരിശോധന; ഉത്രക്കേസ് നാള്‍വഴികള്‍

കൊല്ലം: ആയുധവും സാക്ഷിയും ഇല്ലാത്ത കൊലപാതകം എന്നതായിരുന്നു ഉത്രാ കേസിന്റെ പ്രത്യേകത. ആ കൊലപതകത്തില്‍ ചെറു തെളിവിന്റെ പോലും അഭാവം പ്രതിക്ക് രക്ഷപ്പെടാനുള്ള പഴുത് ആകരുതെന്ന വാശിയോടെ അന്വേഷണ സംഘം നടത്തിയ ചടുല നീക്കങ്ങളാണ് നിര്‍ണായകമായത്. അന്നത്തെ കൊല്ലം റൂറല്‍ എസ്പി ആയിരുന്ന ഹരിശങ്കറിന്റെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അശോകനാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.

കേസില്‍ ആദ്യം ദുരൂഹത കണ്ടെത്തിയത് അഞ്ചല്‍ പൊലീസ് ആണ്. പിന്നാലെ ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. ആയുധം ഇല്ലാത്ത കേസില്‍ മൂര്‍ഖന്‍ പാമ്പിനെ ആയുധമായി പരിഗണിച്ചു. തല്ലിക്കൊന്ന് അഞ്ചലിലെ ഉത്രയുടെ വീട്ടുപറമ്പില്‍ കുഴിച്ചിട്ട മൂര്‍ഖന്‍ പാമ്പിനെ പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി. പാമ്പിന്റെ നീളം 152 സെന്റിമീറ്ററും വിഷപ്പല്ലിന്റെ നീളം 0.6 സെന്റിമീറ്ററുമാണെന്ന് കണ്ടെത്തി. പിന്നീട് ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാന്‍ വിദഗ്ദ്ധന്മാരുമായി പല തവണ ചര്‍ച്ച നടത്തി.

കേസിന്റെ നാള്‍ വഴികള്‍ ഇങ്ങനെ

2018 മാര്‍ച്ച് 25 ഉത്രയുടേയും സൂരജിന്റേയും വിവാഹം

2020 മാര്‍ച്ച് 2 അടൂരിലെ വീട്ടില്‍ വച്ച് ഉത്രയ്ക്ക് ആദ്യം പാമ്പ് കടിയേല്‍ക്കുന്നു

2020 മാര്‍ച്ച് 2 2020 ഏപ്രില്‍ 22 ഉത്ര തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍

ഏപ്രില്‍ 22 ആശുപത്രിയില്‍ നിന്ന് അഞ്ചലുള്ള ഉത്രയുടെ വീട്ടിലേക്ക്

മെയ് 6 വൈകുന്നേരം സൂരജ് ഉത്രയുടെ വീട്ടിലേക്ക്

മെയ് 7 ഉത്രയുടെ മരണം

മെയ് 7 അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

മെയ് 12 പൊലീസ് നടപടി ശക്തമാക്കണമെന്ന ഉത്രയുടെ വീട്ടുകാരുടെ ആവശ്യം

മെയ് 19 റൂറല്‍ എസ് പി ഹരിശങ്കറിന് വീട്ടുകാരുടെ പരാതി

മെയ് 25 സൂരജിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു, വൈകുന്നേരത്തോടെ അറസ്റ്റ്

ജൂലൈ 30 മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ചുള്ള ഡമ്മി പരിശോധന

ഓഗസ്റ്റ് 14 അന്വേഷണ സംഘം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു.

കേസില്‍ ഏറ്റവും ബുദ്ധിപരമായ നീക്കമായി കണക്കാക്കുന്നത് മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ചുള്ള ഡമ്മി പരിശോധനയാണ്. സ്വാഭാവികമായി 150 സെ.മി ഉള്ള ഒരു മൂര്‍ഖന്‍ പാമ്പ് കടിച്ചാല്‍ 1.7 സെ.മി മുതല്‍ 1.8 സെ.മി വരെ മാത്രമേ മുറിവുണ്ടാകൂ. എന്നാല്‍ ഉത്രയുടെ ശരീരത്തില്‍ ഉണ്ടായിരുന്നത് 2.3 സെ.മിന്റെയും 2.8 സെ.മിന്റെയും രണ്ട് മുറിവുകളാണ്. പാമ്പിനെ ബലമായി പിടിച്ചു കൊത്തിച്ചാല്‍ ഇത്രയും ആഴത്തിലുള്ള മുറിവ് ഉണ്ടാകുമെന്ന് തെളിയിച്ചത് ഈ ഡമ്മി പരിശോധനയിലൂടെയാണ്.

സാക്ഷികള്‍ ഇല്ലാത്ത കേസില്‍ സൂരജിന് പാമ്പിനെ വിറ്റ പാമ്പുപിടുത്തക്കാരന്‍ ചിറക്കര സുരേഷിനെ മാപ്പുസാക്ഷിയാക്കിയത് മറ്റൊരു ബുദ്ധിപരമായ നീക്കം. സുരേഷിന്റെ മൊഴി നിര്‍ണായകമായി. സ്വാഭാവിക ജാമ്യം നിഷേധിക്കാന്‍ റെക്കോര്‍ഡ് വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചതാണ് മറ്റൊരു നേട്ടം. പ്രതിയെ അറസ്റ്റ് ചെയ്തു എണ്‍പത്തിരണ്ടാം ദിവസമാണ് കോടതിയില്‍ കുറ്റപത്രം എത്തിയത്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരങ്ങള്‍ക്കൊപ്പം പൊലീസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള സിലബസിലും അന്വേഷണം ഇടം പിടിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button