വാഷിങ്ടൻ: റഷ്യ ഇപ്പോഴും യുക്രെയ്നെ ആക്രമിക്കാന്‍ സാധ്യതയെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. സേന പിന്മാറിയെന്ന റഷ്യന്‍ വാദം ബൈഡന്‍ സ്ഥിരീകരിച്ചില്ല. യുക്രെയ്ൻ അതിർത്തിയിൽനിന്ന് ഒരു വിഭാഗം സൈനികരെ പിൻവലിച്ചെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് ബൈഡന്റെ പരാമർശം.
പരസ്പര വിശ്വാസം വർധിപ്പിക്കുന്നതിന് യുഎസ്, നാറ്റോ പ്രതിനിധികളുമായി ചർച്ചയ്ക്കു തയാറാണെന്നു പുടിൻ അറിയിച്ചിരുന്നു. എന്നാൽ റഷ്യയുടെ ഉദ്ദേശ്യങ്ങളിൽ സംശയം പ്രകടിപ്പിക്കുന്ന ബൈഡൻ, യുദ്ധമുണ്ടായാല്‍ ലോകരാജ്യങ്ങളെ അണിനിരത്തി നേരിടുമെന്ന മുന്നറിയിപ്പും നല്‍കി. റഷ്യയിലെ ജനങ്ങളെ ഉന്നമിട്ടിട്ടില്ലെന്നും റഷ്യയെ അസ്ഥിരപ്പെടുത്താന്‍ അമേരിക്കയ്ക്ക് പദ്ധതിയില്ലെന്നും ബൈഡന്‍ പറഞ്ഞു.
യുഎസിനോ നാറ്റോ രാജ്യങ്ങള്‍ക്കോ യുക്രെയ്നില്‍ മിസൈലുകളില്ല. മിസൈലുകള്‍ അയയ്ക്കാനും പദ്ധതിയില്ല. യുക്രെയ്ന്‍ റഷ്യയ്ക്ക് ഭീഷണിയല്ല. റഷ്യ യുക്രെയ്നെ ആക്രമിച്ചാല്‍ ആവശ്യമില്ലാത്ത മരണവും നാശവും റഷ്യ തിരഞ്ഞെടുത്തെന്ന് ലോകം മറക്കില്ലെന്നും ബൈഡന്‍ പറഞ്ഞു.
യുക്രെയ്ന്റെ മേല്‍ ഉടന്‍ സൈനിക നടപടിക്ക് നീങ്ങില്ലെന്ന സൂചനയുമായി പുടിന്‍ രംഗത്തെത്തി. യുക്രെയ്ന്‍ അതിര്‍ത്തിയിലെ സൈനിക വിന്യാസം ഭാഗികമായി പിന്‍വലിച്ചെന്നും അദ്ദേഹം പറഞ്ഞു. സംഘര്‍ഷത്തിന് അയവുണ്ടായെന്ന് പറയാറായിട്ടില്ലന്ന് നാറ്റോ വ്യക്തമാക്കി.
എന്നാൽ യുക്രെയ്നിലുണ്ടായ സൈബര്‍ ആക്രമണത്തില്‍ യുക്രെയ്നിലെ സൈന്യം, പ്രതിരോധ മന്ത്രാലയത്തിന്റെയും ബാങ്കുകളുടെയും വെബ്സൈറ്റുകള്‍ ഓഫ്‌ലൈനായി. വിദേശകാര്യ, സാംസ്കാരിക മന്ത്രാലയ സൈറ്റുകളും പ്രവര്‍ത്തനരഹിതമായി.