മെക്സിക്കോ സിറ്റി: തോക്കുകൾക്കും ലഹരിക്കും പൂട്ടിടാനൊരുങ്ങുന്ന മെക്സിക്കോയിൽ ലഹരിക്കടത്തിനായി നിർമ്മിച്ച വലിയ തുരങ്കം കണ്ടെത്തി. മെക്സിക്കോയിലെ ടിജ്വാനയിൽ നിന്ന് അമേരിക്കയിലേക്ക് തുറക്കുന്ന തുരങ്കമാണ് കണ്ടെത്തിയിരിക്കുന്നത്. വലിയ ഈ തുരങ്കത്തിൽ
800 അടി നീളത്തിൽ റെയിലുകളടക്കം നിർമ്മിച്ചിട്ടുണ്ട്.
മെക്സിക്കോയിൽ നിന്ന് വൻ തോതിൽ ലഹരി കടത്തുന്നതായി ലഭിച്ച രഹസ്യാന്വേഷണ റിപ്പോർട്ടുകളെ തുടർന്നാണ് മെക്സിക്കൻ പൊലീസ് അന്വേഷണം ശക്തമാക്കിയത്. ഇതിന്റെ ഭാഗമായി അതിർത്തികളിൽ പരിശോധന നടത്തുന്നതിനിടെ തുരങ്കം കണ്ടെത്തുകയായിരുന്നു. ടിജ്വാനയിലെ ഒരു വീടിന് അടിയിൽ നിന്നാണ് തുരങ്കം ആരംഭിക്കുന്നത്. പുറത്തേക്ക് കാണാത്ത വിധത്തിലാണ് ഇത് നിർമ്മിച്ചിരിക്കുന്നതും. കഴിഞ്ഞ ഒരു മാസത്തിനിടെ കണ്ടെത്തുന്ന രണ്ടാമത്തെ തുരങ്കപാതയാണ് ടിജ്വാനയിലേത്. കാലിഫോർണിയയിലാണ് ട്വിജ്വാനയിൽ നിന്ന് ആരംഭിക്കുന്ന ഈ വൻ തുരങ്കം അവസാനിക്കുന്നത്.
അതിർത്തികളിൽ സുരക്ഷ ശക്തമാക്കിയതോടെ റോഡ് മാർഗമുള്ള കടത്ത് പ്രയാസകരമായതോടെയാണ് ഇത്തരമൊരു മാർഗം സ്വീകരിച്ചത്.മെക്സിക്കോയിൽ നിന്ന് അമേരിക്കയിലേക്ക് കടത്തുന്നതിൽ പ്രധാനം കൊക്കെയ്ൻ ആണ്. മെക്സിക്കോയിൽ നിന്ന് മാത്രം അമേരിക്കയിലേക്ക് നിരവധി തുരങ്കങ്ങളാണ് ഉള്ളതെന്ന് അന്തർദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മൂന്നാഴ്ച മുമ്പ് 1700 അടി നീളമുള്ള തുരങ്കം കണ്ടെത്തിയിരുന്നു. മെക്സിക്കൻ അതിർത്തിയിൽ നിന്ന് കാലിഫോർണിയയിലെ ഒട്ടായ് മെസയിലേക്ക് തുറക്കുന്നതായിരുന്നു ഈ തുരങ്കം.
കുറ്റകൃത്യങ്ങളുടെയൊരു കേന്ദ്രമാണ് മെക്സികോ എന്ന് പറഞ്ഞാൽ അതിശയോക്തിയല്ല. ഒരു വർഷം നടക്കുന്നത് മുപ്പതിനായിരത്തിലേറെ കൊലപാതകങ്ങൾ. കാണാതാകുന്നത് ആയിരക്കണക്കിന് പേരെ. രാജ്യത്തെ അഞ്ചിലൊന്ന് പേരും ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങളുടെ ഇരകളാണെന്നാണ് കണക്ക്. മയക്കുമരുന്ന് മാഫിയ ശക്തമായ രാജ്യം. അത്യാധുനിക ആയുധങ്ങളുമായി കളം നിറയുകയാണ് മാഫിയ. പരസ്പരമുള്ള ഏറ്റുമുട്ടലും വെടിവയ്പ്പും എല്ലാം പതിവ്. അമേരിക്കയിലെ ചില ആയുധ നിർമാണ കമ്പനികൾ മാഫിയ സംഘങ്ങൾക്ക് ആയുധങ്ങൾ എത്തിക്കുന്നുവെന്ന് മെക്സികോ ആരോപിക്കുന്നു.
5,97,000 തോക്കുകൾ വർഷം തോറും ഇത്തരത്തിൽ കടത്തുന്നുണ്ടെന്നാണ് മെക്സികോ പറയുന്നത്. അമേരിക്കയിലെ തോക്ക് നിർമാണ കമ്പനികൾക്കെതിരെ നിയമയുദ്ധത്തിലാണിപ്പോൾ മെക്സികോ. 10 ബില്യൺ ഡോളർ നഷ്ടപരിഹാരമാവശ്യപ്പെട്ടാണ് അമേരിക്കയിലെ ഫെഡറൽ ജില്ലാ കോടതിയിലെ കേസ്. അനധികൃതമായി കടത്തിയ ആയുധങ്ങൾ രാജ്യത്ത് രക്തച്ചൊരിച്ചിലിന് കാരണമായെന്നാണ് പരാതി. എന്നാൽ നിയമപരമായി വിറ്റഴിക്കുന്ന തോക്കുകൾ പല കൈ മറിഞ്ഞാണ് ക്രിമിനലുകളുടെ കയ്യിലെത്തുന്നതെന്നും അതിൽ ഉത്തരവാദിത്തം ഇല്ലെന്നും ആണ് തോക്ക് നിർമാണ കന്പനികളുടെ വാദം.
മാത്രമല്ല, അമേരിക്കൻ നിയമമനുസരിച്ച്, വിൽക്കുന്ന ആയുധങ്ങൾ ആരെങ്കിലും ദുരുപയോഗം ചെയ്താൽ അതിൽ ഉത്തരവാദിത്തമില്ലെന്നും കമ്പനികൾ പറയുന്നു. നിയമനടപടികൾക്കൊപ്പം തോക്ക് കള്ളക്കടത്ത് തടയാൻ കർശന നടപടിയുമായി മുന്നോട്ട് പോകുകയാണ് മെക്സിക്കൻ സർക്കാർ. 2015 മുതൽ 2020 വരെ മാഫിയ സംഘങ്ങളിൽ നിന്ന് ഒരു ലക്ഷത്തോളം ആയുധങ്ങൾ പിടിച്ചെടുത്ത മെക്സികോ, ഇത് യുഎസ് ബ്യൂറോ ഓഫ് ആൽക്കഹോൾ, ടുബാക്കോ, ഫയർ ആംസ് ആൻഡ് എക്സ്പ്ലോസിവ്സ് (BATFE) ന് കൈമാറി.
സർക്കാർ നടപടി ശക്തമാക്കിയപ്പോൾ ഇതുവരെ ആയുധങ്ങളെത്തിച്ചിരുന്ന മേഖലകളൊഴിവാക്കി, അമേരിക്കയിലെ മറ്റ് മേഖലകളിൽ നിന്നും കൊളംബിയ അടക്കമുള്ള രാജ്യങ്ങളിൽ നിന്നും തോക്കുകളെത്തിക്കുകയാണ് ക്രിമിനൽ സംഘങ്ങൾ. പഴയത് പോലെ സുഗമമല്ലെങ്കിലും ആയുധങ്ങളെത്തുന്നത് നിർബാധം തുടരുന്നു. ഇതിനൊരു മറുവശവുമുണ്ട്. മാഫിയ സംഘങ്ങൾക്ക് തോക്കുകൾ ലഭിക്കുന്നത് കള്ളക്കടത്തിലൂടെ മാത്രമല്ല, അനധികൃതമായി കുറ്റവാളികൾക്ക് ആയുധങ്ങൾ കൈമാറുന്നവരിൽ പൊലീസുകാരും സൈനികരുമുണ്ട്. ക്രിമിനൽ സംഘങ്ങളിൽ നിന്ന് പിടിച്ചെടുക്കുന്ന ആയുധങ്ങളാണ് പ്രധാനമായും ഇങ്ങനെ കൈമറുന്നത്. സേനയുടെ ഭാഗമായ ആയുധങ്ങളും ഇത്തരത്തിൽ കൈമാറുന്ന സുരക്ഷാ ഉദ്യോഗസ്ഥരുണ്ട്. ഇങ്ങനെ കൈമാറുന്ന ആയുധങ്ങൾ മോഷണം പോയെന്നോ ഏറ്റുമുട്ടലിനിടെ നഷ്ടമായെന്നോ ഒക്കെയാകും റിപ്പോർട്ട് ചെയ്യപ്പെടുക എന്ന് മാത്രം.