തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷം ആസൂത്രിതമാണെന്ന് എഫ്.ഐ.ആര്‍ റിപ്പോര്‍ട്ട്. കുത്തേറ്റ വിദ്യാര്‍ഥിയെ ഉള്‍പ്പെടെ പ്രകോപിപ്പിച്ച് സംഘര്‍ഷത്തിലേക്ക് തള്ളിവിടുകയായിരുന്നു. അഖിലിനെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ കുത്തുകയായിരുന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നു. യൂണിറ്റ് കമ്മിറ്റി അംഗങ്ങളുടെ നിര്‍ദേശം പ്രവര്‍ത്തകനായ അഖില്‍ അനുസരിച്ചില്ല. ഇതിലുള്ള വിദ്വേഷമാണ് അക്രമത്തിന് കാരണമായത്.
അഖിലിനെ കുത്തി പരിക്കേല്‍പ്പിച്ചത് എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത് ആണെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. കൊലപാതകത്തിന് പിന്നിലെ കരണം വ്യക്തി വൈരാഗ്യമാണെന്നും എഫ്.ഐ.അറില്‍ പറയുന്നു. ശിവരഞ്ജിത്ത് കൊലവിളിയോടെയാണ് അഖിലിനെ കുത്തിയതെന്നും എഫ്‌ഐആര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കേസില്‍ പ്രതികളായ ഏഴു പേരും ഒളിവിലാണ്. ഇവര്‍ കഴിഞ്ഞ രാത്രി കീഴടങ്ങുമെന്നു സൂചനയുണ്ടായിരുന്നെങ്കിലും ശനിയാഴ്ച രാവിലെ വരെ കീഴടങ്ങിയില്ല. ഇവരെ പിടികൂടാന്‍ ശ്രമം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
അതേസമയം സിപിഎം ജില്ലാ നേതൃത്വം ഇടപെട്ട് പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ നീക്കം നടക്കുന്നതായും സൂചനയുണ്ട്. എസ് എഫ് ഐ യൂണിറ്റ് ഭാരവാഹികളായ നസീം, ശിവരഞ്ജിത്ത്, ഇബ്രാഹീം, അദ്വൈത്, ആരോമല്‍, അമല്‍, ആദില്‍ എന്നിവര്‍ക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്. ഇവരെ ഭാരവാഹിത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.