പ്രതികള്‍ യൂണിയന്‍ ഓഫീസിലുണ്ടെന്ന് കുത്തേറ്റ അഖിലിന്റെ സുഹൃത്തുക്കള്‍; ഒളിവിലെന്ന് പോലീസ്
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തി പരിക്കേല്‍പ്പിച്ച കേസിലെ പ്രതികള്‍ ഒളിവിലെന്ന് പോലീസ്. പ്രതികള്‍ക്കായി വീടുകളിലും ബന്ധുവീടുകളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. പതികളായ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്, യൂണിറ്റ് സെക്രട്ടറി നസീം, അമര്‍, അദ്വൈദ്, ആദില്‍, ആരോമല്‍, ഇബ്രാഹിം എന്നിവര്‍ക്കെതിരെയാണ് വധശ്രമത്തിന് പോലീസ് കേസെടുത്തിരിക്കുന്നത്.
അതേസമയം പ്രതികളായ എല്ലാവരും കേരളാ സര്‍വകലാശാലയിലെ യൂണിയന്‍ ഓഫിസിലുണ്ടെന്ന വെളിപ്പെടുത്തലുമായി വിദ്യാര്‍ഥികള്‍ രംഗത്ത് വന്നിട്ടും പോലീസ് അവിടെകയറി പരിശോധിക്കാന്‍ തയ്യാറായിട്ടില്ല. ഇന്നലെ സംഘര്‍ഷമുണ്ടാകുന്നതിനിടയില്‍ പോലീസിന്റെ മുന്നില്‍വച്ച് പ്രതികള്‍ രക്ഷപ്പെട്ടുവെന്ന ആക്ഷേപം വ്യാപകമായി ഉയരുന്നുണ്ട്. എന്നാല്‍ പ്രധാന പ്രതികളെ പിടികൂടുക എന്നതാണ് ലക്ഷ്യമെന്നും അന്വേഷണം ഊര്‍ജിതമാക്കിയതായും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.