KeralaNews

രാത്രിയിലും ഇനി പോസ്റ്റുമോര്‍ട്ടം നടത്താം; വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: സൂര്യാസ്തമനത്തിന് ശേഷം പോസ്റ്റുമോർട്ടം പാടില്ലെന്ന വ്യവസ്ഥ നീക്കി കേന്ദ്ര സർക്കാർ. മതിയായ അടിസ്ഥാന സൗകര്യങ്ങളുള്ള ആശുപത്രികളിൽ രാത്രിയിൽ പോസ്റ്റ്മോർട്ടം അനുവദിക്കുന്നതിനായി ഇത് സംബന്ധിച്ച വ്യവസ്ഥകളിൽ മാറ്റം വരുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം വിജ്ഞാപനം ഇറക്കി. മരണപ്പെട്ടവരുടെ ബന്ധുക്കൾ നേരിടുന്ന പ്രയാസം കണക്കിലെടുത്തും അവയവ മാറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് നടപടി.

വിഷയത്തിൽ സർക്കാരിന് നിവേദനങ്ങൾ ലഭിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. വെളിച്ചത്തിന്റെ ലഭ്യതക്കുറവും തെളിവുകൾ നശിപ്പിക്കപ്പെടാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടിയായിരുന്നു ഇക്കാര്യത്തിൽ നിയന്ത്രണമുണ്ടായിരുന്നത്. സൂര്യാസ്തമയത്തിന് ശേഷം പോസ്റ്റ്മോർട്ടം പാടില്ലെന്ന ബ്രിട്ടീഷ് കാലത്തെ നിയമത്തിനാണ് ഇതോടെ മാറ്റമുണ്ടാകുന്നത്. എന്നാൽ വർഷങ്ങളായി ഡൽഹി എയിംസ് ഉൾപ്പെടെ രാജ്യത്തെ തിരഞ്ഞെടുത്ത ചില സ്ഥാപനങ്ങളിൽ സൂര്യാസ്തമയത്തിന് ശേഷവും പോസ്റ്റ്മോർട്ടം നടത്തിയിരുന്നു.

സംശയാസ്പദ സാഹചര്യത്തിലും കൊലപാതകം, ആത്മഹത്യ, ബലാത്സംഗം എന്നീ കേസുകളിലും മൃതശരീരങ്ങൾ ജീർണിച്ച അവസ്ഥയിലും ക്രമസമാധാന പ്രശ്നങ്ങൾ ഇല്ലെങ്കിൽ സൂര്യാസ്തമയത്തിനുശേഷം പോസ്റ്റ്മോർട്ടം നടത്തരുതെന്നും പുതുക്കിയ വ്യവസ്ഥയിലുണ്ട്. ആശുപത്രിയുടെ ഫിറ്റ്നസും അടിസ്ഥാന സൗകര്യങ്ങളും ആശുപത്രിയുടെ ചുമതലയുള്ളയാൾ വിലയിരുത്തി തെളിവുകൾ നഷ്ടമാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.

ഭാവിയിൽ സംശയങ്ങൾ ഒഴിവാക്കാൻ രാത്രിയിൽ നടക്കുന്ന പോസ്റ്റ്മോർട്ടത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കണമെന്നും നിയമപരമായ ആവശ്യങ്ങൾക്കായി സൂക്ഷിക്കണമെന്നും മന്ത്രാലയങ്ങൾക്കും സംസ്ഥാനങ്ങൾക്കും അയച്ച പുതിയ മാർഗനിർദേശങ്ങളിൽ പറയുന്നു. മരണപ്പെട്ടയാളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറക്കുന്നതിന് പുറമേ പുതിയ നടപടിക്രമം അവയവദാനത്തെയും മാറ്റിവയ്ക്കലിനെയും പ്രോത്സാഹിപ്പിക്കുന്നതാണെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker