നിരവധി തണവ ശ്രമിച്ചിട്ടും സര്‍ക്കാര്‍ ജോലി ലഭിച്ചില്ല; യുവാവ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി
രുദ്രാപൂര്‍: ഉത്തരാഖണ്ഡില്‍ തൊഴില്‍ രഹിതനായ യുവാവ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. രുദ്രാപൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഭഗവാന്‍പൂര്‍ ഗ്രാമത്തില്‍ 29 കാരനായ പ്രഭാത് കുമാര്‍ ആണ് തലയ്ക്ക് വെടിവെച്ചു ആത്മഹത്യ ചെയ്തത്. നിരവധി ശ്രമങ്ങള്‍ നടത്തിയിട്ടും ജോലി നേടാന്‍ കഴിയാത്തതില്‍ വിഷാദത്തിലായിരുന്നു പ്രഭാത് കുമാറെന്ന് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിലെ (സിഐഎസ്എഫ്) റിട്ടയേര്‍ഡ് സബ് ഇന്‍സ്പെക്ടറായ ദിവാന്‍ ലാല്‍ പറഞ്ഞു.
ചൊവ്വാഴ്ച കുടുംബത്തിലെ മറ്റുള്ളവര്‍ പുറത്തുപോയ സമയത്ത് കുമാര്‍ പിതാവിന്റെ ലൈസന്‍സുള്ള തോക്കുപയോഗിച്ച് സ്വയം വെടിവയ്ക്കുകയായിരുന്നു. കുമാര്‍ സര്‍ക്കാര്‍ ജോലി നേടാന്‍ ശ്രമിക്കുകയും നിരവധി സര്‍ക്കാര്‍ ജോലിയ്ക്കുള്ള പരീക്ഷകള്‍ എഴുതുകയും ചെയ്തിരുന്നു. എന്നാല്‍ ഒന്നിലും വിജയിച്ചിരുന്നില്ല. പ്രാഥമിക പരോശോധനയ്ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. സിആര്‍പിസി സെക്ഷന്‍ 174 പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.