കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തിന്റെ ഗാലറിയില്‍ നിര്‍മിച്ച താത്ക്കാലിക സ്‌റ്റേജില്‍നിന്ന് താഴേക്ക് വീണ് ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കാന്‍ കാരണം സ്റ്റേജ് നിര്‍മാണത്തിലെ ഗുരുതര പിഴവ്. ഉമാ തോമസ് എംഎല്‍എ ഇരിപ്പിടത്തില്‍ ഇരിക്കാന്‍ ശ്രമിച്ചപ്പോള്‍ ബലം കൊടുത്തത് കൈവരിപോലെ നീളത്തില്‍ സ്റ്റീല്‍ കമ്പികളില്‍ കെട്ടിയ റിബ്ബണിലായിരുന്നു.
എന്നാല്‍ ഇതിന് ബലമില്ലാത്തത് കാരണം ബാലന്‍സ് നഷ്ടപ്പെട്ട ഉമാ തോമസ് കൈവരിയോടൊപ്പം താഴേക്ക് പതിച്ചു. കോണ്‍ക്രീറ്റ് ഭിത്തിയില്‍ തലയിടിച്ച് വീണ ഉമാ തോമസിന്റെ മുഖത്ത് മുഴുവന്‍ രക്തമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സ്ഥലത്തുണ്ടായിരുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ എംഎല്‍എ.യെ വേഗത്തില്‍ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചു.
‘ബാരിക്കേഡിന് പകരം റിബ്ബണാണ് കെട്ടിയിരുന്നത്. ഞാന്‍ സ്റ്റേജില്‍ ഇരിക്കുമ്പോള്‍ അവര്‍ കയറി വന്ന് കൈ കാണിച്ചു. എന്നിട്ട് ഇരിക്കാന്‍ ശ്രമിച്ചപ്പോള്‍ റിബ്ബണില്‍ പിടിക്കുകയായിരുന്നു. പിന്നാലെ താഴേക്ക് വീണു. നല്ല വീഴ്ച്ചയാണ് വീണത്.’-പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മന്ത്രി സജി ചെറിയാന്‍ പറയുന്നു.
18 അടി ഉയരത്തിലാണ് സ്റ്റേജുണ്ടായിരുന്നതെന്നും താഴേക്ക് ആള്‍ വീഴാതിരിക്കാനുള്ള സുരക്ഷാ സംവിധാനങ്ങളൊന്നും ഇല്ലായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. ‘സ്റ്റേജില്‍ കുറച്ച് സ്ഥലം മാത്രമാണുണ്ടായിരുന്നത്. അവിടെ കസേരയിട്ടാല്‍ പിന്നീട് അതിലൂടെ നടക്കാനുള്ള സ്ഥലം പോലുമില്ലായിരുന്നു. ആദ്യം വന്നിരുന്നത് സജി ചെറിയാനാണ്.
അതിനുശേഷം ഉമാ തോമസ് വന്നു. മൂന്നു വരികളായാണ് സ്‌റ്റേജ് ക്രമീകരിച്ചിരുന്നത്. സ്‌റ്റേജിന് മുകളില്‍ സംഗീത പരിപാടിയുമുണ്ടായിരുന്നു. മുകളില്‍ നിന്ന് ഒന്നാമത്തെ വരിയിലേക്ക് ഉമാ തോമസ് നടന്നുവന്നു. അവിടുത്തെ കസേരയിലേക്ക് ഇരിക്കാന്‍ ശ്രമിക്കുന്നതിനിടെ ബാലന്‍സ് പോവുകയും റിബ്ബണ്‍ പോലെ കെട്ടിയ കൈവരിയില്‍ പിടിക്കുകയുമായിരുന്നു.’- ദൃക്‌സാക്ഷി പറയുന്നു.
കലൂര്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഗിന്നസ് റെക്കോഡുമായി ബന്ധപ്പെട്ട് 12000 നര്‍ത്തകര്‍ അണിനിരക്കുന്ന നൃത്തപരിപാടി കാണാനെത്തിയതായിരുന്നു ഉമാ തോമസ് എം.എല്‍.എ. ഗിന്നസ് റെക്കോര്‍ഡിനായി സംഘടിപ്പിച്ച മൃദംഗനാദം നൃത്തപരിപാടിക്കിടെയാണ് അപകടം സംഭവിച്ചത്.