മുംബൈ: പ്രശസ്ത ഗായകന്‍ ഉദിത് നാരായണന് ഫോണിലൂടെ വധഭീഷണി. ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് അദ്ദേഹം അംബോലി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. താന്‍ പരാതിയുമായി മുന്നോട്ട് പോകാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും കഴിഞ്ഞ ഏപ്രില്‍ മുതല്‍ തനിക്കെതിരെ വധ ഭീഷണി മുഴക്കി ഫോണ്‍ സന്ദേശങ്ങള്‍ ലഭിക്കുന്ന സാഹചര്യത്തിലാണ് ലോക്കല്‍ പോലീസിനെ വിവരം അറിയിച്ചതെന്നും അദ്ദേഹം അറിയിച്ചു.
തനിക്ക് മൂന്ന് തവണ ഭീഷണി സന്ദേശം ലഭിച്ചുവെന്നും ഒരു മുന്‍കരുതല്‍ എന്ന നിലയിലാണ് അംബോളി പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ അംബോളി പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ മുംബൈ ക്രൈംബ്രാഞ്ചിന്റെ എ.ഇ.സിയെ സമീപിക്കാനുള്ള നിര്‍ദേശം തങ്ങള്‍ക്ക് ലഭിച്ചുവെന്നും ഉദിത് നാരായണന്‍ വ്യക്തമാക്കി.
കഴിഞ്ഞ ഏപ്രില്‍ ആറിന് ഗുഡി പദ്വ ദിനത്തിലാണ് ഒരാള്‍ ഫോണില്‍ വിളിച്ച് ആദ്യം വധഭീഷണി മുഴക്കിയത. എന്നാല്‍ അന്ന് അത് അവഗണിക്കുകയായിരുന്നെന്നും അദ്ദേഹം പറയുന്നു. പിന്നീട് ജൂലൈയില്‍ ഒരു ദിവസം, ഒരു റിയാലിറ്റി മ്യൂസിക് ഷോയുടെ ഷൂട്ടിംഗിനായി തയ്യാറെടുത്തുകൊണ്ട് നില്‍ക്കുമ്പോള്‍ എനിക്ക് ഒരു അജ്ഞാത നമ്പറില്‍ നിന്ന് ഫോണ്‍ കോള്‍ ലഭിച്ചു. ഒരാള്‍ എന്നെ വളരെ മോശമായ രീതിയില്‍ അധിഷേപിച്ചു. ആരോ എനിക്ക് ഫോണില്‍ ഒരു മോശം സന്ദേശവും അയച്ചു. തുടര്‍ന്നാണ് പോലീസിനെ അറിയിക്കാന്‍ തീരുമാനിച്ചത് ഉദിത് നാരായണന്‍ പറഞ്ഞു.