മൂന്നാര്‍: വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മദ്യവിതരണം നടത്തിയ യു.ഡി.എഫ് സ്ഥാനാര്‍ഥി വിജയിച്ചു. പള്ളിവാസല്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് സ്ഥാനാര്‍ഥി എസ്.സി. രാജയാണ് 194 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്.
സി.പി.എമ്മിന്റെ അശോക് സിങ് പ്രേംകുമാറാണ് രണ്ടാമതെത്തിയത്. തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മദ്യം വിതരണം ചെയ്ത രാജയെയും കൂട്ടരെയും കഴിഞ്ഞ 8ന് മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പോലീസ് പരിശോധനയില്‍ രാജ മദ്യപിച്ചിരുന്നതായും കണ്ടെത്തിയിരുന്നു. അവധി ദിവസത്തിലായിരുന്നു ഇവര്‍ മദ്യം എത്തിച്ചത്. തോട്ടം മേഖലയില്‍ പണവും മദ്യവും നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുന്നതായി ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ എ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപവത്കരിച്ചായിരുന്നു പരിശോധന.
പോതമേട് ഒന്നാം വാര്‍ഡിന് സമീപത്തെ മേഘദൂത് റിസോര്‍ട്ടിലാണ് സ്ഥാനാര്‍ഥിയും കൂട്ടാളികളായ പിച്ചമണി (30), മുരുകന്‍ (32) എന്നിവരും മദ്യസല്‍ക്കാരം സംഘടിപ്പിച്ചത്. മൂന്നാര്‍ എസ്.ഐ സന്തോഷിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. മദ്യവും പിടിച്ചെടുത്തു.