യു.ഡി.എഫ് ഉപരോധത്തില്‍ നട്ടംതിരിഞ്ഞ് ജനങ്ങള്‍; തലസ്ഥാനത്ത് വന്‍ ഗതാഗതക്കുരുക്ക്
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് വിഷയവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നടത്തുന്ന ഉപരോധ സമരത്തില്‍ നട്ടംതിരിഞ്ഞ് തലസ്ഥാനത്തെ ജനങ്ങള്‍. സെക്രട്ടറിയേറ്റിന് മുമ്പില്‍ നടത്തുന്ന യുഡിഎഫ് ഉപരോധത്തെ തുടര്‍ന്ന് തലസ്ഥാനത്ത് വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഉപരോധത്തെ തുടര്‍ന്ന് മിക്ക റോഡുകളും പോലീസ് അടച്ചു. ഉച്ചയ്ക്ക് ഒരുമണിവരെയാണ് ഉപരോധം നടക്കുക. സെക്രട്ടറിയേറ്റിലെ ജീവനക്കാരെപോലും ഐഡികാര്‍ഡ് കാണിച്ച ശേഷമാണ് അകത്തേക്ക് കടത്തിവിടുന്നത്. കാല്‍നടയാത്രക്കാരെപ്പോലും കടത്തിവിടുന്നില്ല.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല , കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍,ശബരിനാഥ് എംഎല്‍എ,അനുപ് ജേക്കബ്, വി. എസ് ശിവകുമാര്‍,കെ.സി വേണുഗോപാല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലെ മൂന്ന് ഗേറ്റുകള്‍ക്ക് മുമ്പിലും ഉപരോധം നടക്കുകയാണ്. സെക്രട്ടറിയേറ്റിന് മുന്നിലെ റോഡ് പൂര്‍ണമായും ഉപരോധിച്ചുകഴിഞ്ഞു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. സമരക്കാരുടെ വാഹനങ്ങള്‍ റോഡില്‍ നിരന്നതോടെ കാല്‍നടയാത്രക്കാര്‍ക്കും ബുദ്ധിമുട്ടായി.