മുംബയ്: മഹാരാഷ്ട്രയിലെ മഹാ വികാസ് അഖാഡി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ബിജെപിക്കെതിരെ പോര്‍മുഖം തുറന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. സംസ്ഥാനത്ത് കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതാണ് നടക്കുന്നതെന്ന് ഉദ്ദവ് താക്കറെ ആരോപിച്ചു.
‘ഞാന്‍ നിശബ്ദനായി ക്ഷമയോടെ ഇരിക്കുകയാണ്. അതിനര്‍ത്ഥം എനിക്ക് കഴിവില്ലെന്നല്ല. എന്റെ കുടുംബത്തെ പോലും ആക്രമിക്കുകയാണ്. ഇതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയാം.’ താക്കറെ സൂചിപ്പിച്ചു. ‘ഇത് കടുവകളുടെ നാടാണ്. മറാത്ത കടുവകള്‍. ഏത് ആക്രമത്തിനുമെതിരെ ഞങ്ങളുടെ പക്കല്‍ സുദര്‍ശന ചക്രമുണ്ട്. പ്രതികാരം ചെയ്യാന്‍ ഞങ്ങളെ നിര്‍ബന്ധിക്കരുത്.’ ഉദ്ദവ് താക്കറെ മുന്നറിയിപ്പ് നല്‍കി.
‘ഛത്രപതി ശിവജി മഹാരാജാവില്‍ നിന്നാണ് ഞങ്ങള്‍ ഊര്‍ജ്ജം ഉള്‍ക്കൊളളുന്നത്. ഇത്തരം സന്ദര്‍ഭങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അദ്ദേഹം നമ്മെ പഠിപ്പിച്ചിട്ടുണ്ട്.’ താക്കറെ പറഞ്ഞു. ഇ.ഡിയുടെയോ സി.ബി.ഐയുടെയോ ഭീഷണിക്കു മുന്‍പില്‍ രാജിവയ്ക്കില്ലെന്ന് ഉദ്ദവ് താക്കറെ പറഞ്ഞു. സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ബിജെപി രാഷ്ട്രീയം കളിക്കുന്നെന്ന് ഉദ്ദവ് കുറ്രപ്പെടുത്തി. എന്നാല്‍ കങ്കണയുമായി ബന്ധപ്പെട്ട കോടതി പരാമര്‍ശങ്ങളെ കുറിച്ച് സംസാരിക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി തയ്യാറായില്ല. കങ്കണയുടെ വാക്കുകള്‍ മുംബയിലെ ജനങ്ങള്‍ക്ക് നേരെയുളള അധിക്ഷേപമാണ്. ബിജെപിയുടെയും സംസ്ഥാന ഗവര്‍ണറുടെയും ആരോപണങ്ങള്‍ ഒരുപോലെയാണ് തോന്നുന്നതെന്നും ഉദ്ദവ് താക്കറെ അഭിപ്രായപ്പെട്ടു.