NationalNews

നീറ്റ് പരീക്ഷ സ്വകാര്യ കോച്ചിംഗ് സെന്ററുകൾക്ക് വേണ്ടിയെന്ന് തെളിഞ്ഞു,കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ഉദയനിധി സ്റ്റാലിൻ

ചെന്നൈ: നീറ്റ് പിജി കട്ട് ഓഫ്‌ പൂജ്യം ശതമാനമാക്കിയ  കേന്ദ്ര തീരുമാനത്തിനെതിരെ തമിഴ്നാട് സർക്കാർ. നീറ്റിന് പിന്നിലെ തട്ടിപ്പ് വെളിപ്പെട്ടെന്ന് കായിക, യുവജന ക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിൻ പറഞ്ഞു. റാങ്ക് പട്ടികയിലെ ആർക്കും പ്രവേശനം ലഭിക്കും എങ്കില്‍ നീറ്റ് പരീക്ഷ എന്തിനാണ്? നീറ്റ് പരീക്ഷ നടത്തുന്നത് സ്വകാര്യ കോച്ചിംഗ് സെന്ററുകൾക്ക് വേണ്ടിയാണെന്ന വാദം സത്യമെന്ന് തെളിഞ്ഞെന്നും ഉദയനിധി ആരോപിച്ചു.

കഴിഞ്ഞ മാസങ്ങളില്‍ 20ല്‍ അധികം വിദ്യാര്‍ത്ഥികള്‍ നീറ്റ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതോടെ തമിഴ്നാട്ടില്‍ ജീവനൊടുക്കിയിരുന്നു. ഇത് തമിഴ്നാട്ടില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. ഭരണകക്ഷിയായ ഡിഎംകെ തമിഴ്നാട് സര്‍ക്കാരിനെതിരെ പ്രതിഷേധം ഉയര്‍ത്തുകയും നീറ്റ് പരീക്ഷ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 

അതിനിടെയാണ് പരീക്ഷ എഴുതിയ ആര്‍ക്കും മെഡിക്കല്‍ പിജി പ്രവേശനം നേടാമെന്ന അവസ്ഥ വരുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദേശ പ്രകാരമുള്ള തീരുമാനമാണ് ഇന്നലെ പുറത്തുവന്നത്. 

കോച്ചിംഗ് സെന്ററുകള്‍ക്കും സ്വകാര്യ മെഡിക്കൽ കോളേജുകള്‍ക്കും തടിച്ചുകൊഴുക്കാന്‍ മാത്രമാണ് നീറ്റ് പരീക്ഷ നടത്തുന്നതെന്ന് ഇതോടെ വ്യക്തമായെന്ന് ഉദയനിധി സ്റ്റാലിന്‍ പ്രതികരിച്ചു. നിരവധി പാവപ്പെട്ടവരുടെ മരണത്തിലേക്ക് നയിച്ച നീറ്റ് അനീതിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കേന്ദ്ര സർക്കാർ ഉത്തരം നൽകേണ്ടി വരുന്ന ദിവസം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ തമിഴ്നാട് സര്‍ക്കാര്‍ നീറ്റ് വിരുദ്ധ ബില്‍ അവതരിപ്പിച്ചിരുന്നു. നീറ്റ് വിരുദ്ധ ബില്ലിന് അംഗീകാരം നൽകാതിരുന്ന ഗവർണറെ ഉദയനിധി സ്റ്റാലിൻ രൂക്ഷമായി വിമര്‍ശിച്ചു. കേന്ദ്ര സർക്കാരിന് അനുകൂലമായി പ്രവർത്തിക്കുന്ന ഗവർണറുടെ പേര് ആർ.എൻ രവി എന്നല്ല ആർഎസ്എസ് രവിയെന്നാക്കണമെന്ന് ഉദയനിധി തുറന്നടിച്ചു.

ഗവർണർ ധൈര്യമുണ്ടെങ്കിൽ തമിഴ്നാട്ടിൽ മത്സരിച്ച് ജയിക്കണം. ഡിഎംകെയുടെ സാധാരണ പ്രവർത്തകനെ എതിരാളിയായി നിർത്താം. ഗവർണർക്ക് പോസ്റ്റുമാന്റെ പണി മാത്രമാണുള്ളത്. മുഖ്യമന്ത്രി പറയുന്നത് മാത്രം ഗവർണർ കേന്ദ്രത്തെ അറിയിച്ചാൽ മതി. നിങ്ങളുടെ സിദ്ധാന്തം തമിഴ്നാട്ടിൽ പറഞ്ഞാൽ ചെരുപ്പ് കൊണ്ട് അടി കിട്ടുമെന്നും ഉദയനിധി പരിഹസിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker