യു.എ.പി.എ അറസ്റ്റ്: താഹയുടെ ലാപ്‌ടോപ്പില്‍ നിന്ന് മാവോയിസ്റ്റ് ബന്ധം സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചു
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമാരോപിച്ച് കോഴിക്കോട് യു.എ.പി.എ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത താഹ ഫസലിന്റെ ലാപ്‌ടോപ്പില്‍ മാവോവാദി അനുകൂല പരിപാടികളുടെ ഫോട്ടോകളും, മാവോവാദി ഭരണഘടനയും അന്വേഷണ സംഘം കണ്ടെത്തി. നവംബര്‍ ഒന്നിനാണ് അലന്‍ ഷുഹൈബിനെയും, താഹ ഫസലിനെയും പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. നിരോധിക്കപ്പെട്ട മാവോയിസ്റ്റ് സംഘടനയുടെ കേന്ദ്രകമ്മിറ്റി പ്രസിദ്ധീകരിച്ച പുസ്തകവും ലഘുലേഖകളുമടക്കം പിടിച്ചെടുത്തതിനെത്തുടര്‍ന്നാണ് പോലീസ് യു.എ.പി.എ ചുമത്തിയത്.
അതേസമയം, ഇവര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതിനെ രൂക്ഷമായി വിമര്‍ശിച്ച് നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ അപ്പോഴൊക്കെ പ്രതികള്‍ക്ക് മാവോയിസ്റ്റ് ബന്ധം ഉണ്ടെന്ന് പോലീസ് ഉറപ്പിച്ച് പറഞ്ഞിരുന്നു. അന്വേഷണസംഘത്തിന്റെ വാദത്തെ സാധൂകരിക്കുന്ന തെളിവുകളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചതോടെ കസ്റ്റഡി അപേക്ഷയ്‌ക്കൊപ്പം അതുകൂടി കോടതിയില്‍ സമര്‍പ്പിക്കും അതേസമയം, പ്രതികളുടെ കൂട്ടത്തിലുള്ള മൂന്നാമനെ കണ്ടെത്താന്‍ ഇതുവരെ പോലീസിന് സാധിച്ചിട്ടില്ല. ഇയാളെ കണ്ടെത്താന്‍ അലനെയും താഹയേയും കൂടുതല്‍ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിക്കും.