അരി കയറ്റുമതിക്ക് വിലക്കേർപ്പെടുത്തി യു.എ.ഇ
ദുബായ്: അരി കയറ്റുമതിക്ക് യു.എ.ഇ.താല്ക്കാലികമായി വിലക്കേര്‍പ്പെടുത്തി.അരി, അരിയുല്‍പന്നങ്ങള്‍ എന്നിവ നാലുമാസത്തേക്ക് കയറ്റുമതിയും പുനര്‍ കയറ്റുമതിയും പാടില്ലെന്ന് യു.എ.ഇ.സാമ്പത്തിക മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച മുതല്‍ വിലക്ക് പ്രാബല്യത്തിലായി.
പ്രാദേശിക വിപണിയില്‍ ആവശ്യത്തിന് അരി ലഭ്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് യു.എ.ഇയുടെ തീരുമാനം. ഇന്ത്യ കയറ്റുമതി വിലക്കിയതിന് പിന്നാലെയാണ് തീരുമാനം. കയറ്റുമതിക്ക് പ്രത്യേക അനുമതി വേണ്ടവര്‍ സാമ്പത്തിക മന്ത്രാലയത്തിന് അപേക്ഷ നല്‍കണം. കയറ്റുമതി പെര്‍മിറ്റുകള്‍ക്ക് 30 ദിവസത്തെ സാധുതയുണ്ടായിരിക്കും. യു.എ.ഇയിലേക്ക് അരി ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
വിലക്കയറ്റം നിയന്ത്രിക്കാനാണ് ഇന്ത്യ അരി കയറ്റുമതി നിരോധിച്ചത്. രാജ്യത്ത് മഴ വൈകിയതുമൂലം ഖാരിഫ് കൃഷിയിറക്കല്‍ വൈകി. നേരത്തെ വിതച്ച സ്ഥലങ്ങളില്‍ പ്രളയം നാശംവരുത്തി. ഇതെല്ലാം ധാന്യവില വര്‍ധിക്കാന്‍ വഴിതെളിച്ചു. ഈ സാഹചര്യത്തിലാണ് ഇന്ത്യ കയറ്റുമതി നിരോധിച്ചത്. പിന്നാലെയാണ് യു.എ.ഇയും അരി കയറ്റുമതി നിരോധിച്ചിട്ടുള്ളത്.