ഛര്‍ദിയെ തുടര്‍ന്ന് രണ്ടു വയസുകാരി മരിച്ചു; അമ്മ വിഷം അകത്തുചെന്ന നിലയില്‍ ആശുപത്രിയില്‍
കാസര്‍കോട്: ഛര്‍ദിയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ടുവയസ്സുകാരി മരിച്ചു. മാതാവിനെ വിഷം അകത്തുചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നായന്മാര്‍മൂല പെരുമ്പള റോഡിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന റുമൈസ-റഹ്മാന്‍ ദമ്പതിമാരുടെ മകള്‍ ഫാത്തിമത്തുള്‍ മിസ്ബ(2)യാണ് മരിച്ചത്. കുട്ടിയുടെ അമ്മൂമ്മ സാഹിറ നല്‍കിയ പരാതിയില്‍ പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു. പരിയാരം മെഡിക്കല്‍ കോളജില്‍ മിസ്ബയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി. വിഷം അകത്തു ചെന്ന റുമൈസ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഞായറാഴ്ചയാണ് കുട്ടിയെ ഛര്‍ദിയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടി കട്ടിലില്‍ നിന്നു വീണതായി റുമൈസ പറഞ്ഞിരുന്നുവെന്നു മാതാവ് താഹിറ പോലീസിനു മൊഴി നല്‍കിയിരുന്നു. ആശുപത്രിയില്‍ കഴിയുന്ന യുവതിയുടെ മൊഴി കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് രേഖപ്പെടുത്തി. വിഷം ഉള്ളിലെത്തിയാണ് മിസ്ബ മരിച്ചതെന്നാണ് പോലീസിന്റെ നിഗമനം.
അതേസമയം പേരക്കുട്ടിയുടെ മരണത്തിനും തന്റെ മകളുടെ അവസ്ഥയ്ക്കും കാരണക്കാരന്‍ മകളുടെ ഭര്‍ത്താവാണെന്ന വെളിപ്പെടുത്തലുമായി റുമൈസയുടെ മാതാവ് താഹിറ രംഗത്തെത്തിയിട്ടുണ്ട്. റുമൈസ വിഷം കഴിച്ചുവെന്ന് സംശയിക്കുന്ന ദിവസം രാത്രി മത്സ്യമാര്‍ക്കറ്റില്‍ ജോലിക്കാരനായ ഭര്‍ത്താവ് റഹ്മാന്റെ ഫോണ്‍ വന്നിരുന്നതായും കുട്ടിയെ തനിക്ക് വേണമെന്ന് റഹ്മാന്‍ ആവശ്യപ്പെട്ടതായും റുമൈസയുടെ മാതാവ് വെളിപ്പെടുത്തി. കുഞ്ഞിനെ നല്‍കില്ലെന്ന് പറഞ്ഞപ്പോള്‍ ‘കുഞ്ഞിനെയും കൊന്ന് നീയും ചാവ്’ എന്ന് പറഞ്ഞതായും ഇതിനു ശേഷമാണ് പേരക്കുട്ടിക്കും മകള്‍ക്കും ഈ അവസ്ഥയുണ്ടായതെന്നും താഹിറ പറയുന്നു.