കണ്ണൂര്‍: ലഹരി മാഫിയയുടെ കേന്ദ്രമായി മാറിയ തലശേരി നഗരത്തില്‍ യൂറോപ്പില്‍ നിന്നുള്ള ലഹരി വസ്തുക്കളും എത്തുന്നുതായി റിപ്പോര്‍ട്ട്. അമിതമായ ലഹരി ഉപയോഗത്തെ തുടര്‍ന്ന് യുവാവ് റോഡരികില്‍ മരിച്ച് വീണ സംഭവത്തെ തുടര്‍ന്ന് ലഹരി മാഫിയ തലവനെ ജനകൂട്ടം തടഞ്ഞുവച്ച് ജനകീയ വിചാരണ നടത്തി. തലശേരി നഗരത്തിലേക്ക് ലഹരി എത്തുന്ന വഴികള്‍ ജനങ്ങളോട് ലഹരി മാഫിയ തലവന്‍ വിശദീകരിക്കുന്ന വീഡിയോ നവമാധ്യമങ്ങളില്‍ വൈറലായിരിന്നു. യൂറോപ്പില്‍ പ്രചാരത്തിലുള്ള മെത്താം ഫിറ്റമിന്‍ എന്ന ലഹരി വസ്തു തലശേരിയില്‍ വ്യാപകമായി ഉപയോഗിച്ചു വരുന്നതായി മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്.
ലഹരിക്കടിമയായ രണ്ട് പെണ്‍കുട്ടികളില്‍ നടത്തിയ പരിശോധനയിലാണ് യുറോപ്യന്‍ ലഹരിയും തലശേരിയിലെത്തുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടികള്‍ യൂറോപ്യന്‍ ലഹരിക്കു പുറമെ ഒപിഎം, എന്‍എംബിഎ, കഞ്ചാവ്, മോര്‍ഫിന്‍, ക്ലോറോഫോം എന്നിവയും ഉപയോഗിച്ചിട്ടുള്ളതായി പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ഇവിടുത്തെ മെഡിക്കല്‍ സംഘത്തിനു രക്ഷപ്പെടുത്താന്‍ പറ്റാത്ത വിധത്തില്‍ ലഹരി കീഴ്‌പ്പെടുത്തിയിട്ടുള്ള പെണ്‍കുട്ടികളെ വിദഗ്ധ ചികിത്സക്കായി കേരളത്തിന്റെ പുറത്തേക്ക് കൊണ്ടുപോകാനുള്ള നീക്കത്തിലാണ് രക്ഷിതാക്കള്‍.
കഞ്ചാവിനും ബ്രൗണ്‍ ഷുഗറിനുമൊപ്പം ലഹരി കൂട്ടാന്‍ മോര്‍ഫിന്‍, ക്ലോറോഫോം എന്നിവ വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ബംഗളൂരു, മംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ് മോര്‍ഫിന്‍ ഗുളികകള്‍ മലബാറില്‍ എത്തുന്നത്. കേരളത്തില്‍ മോര്‍ഫിന് മെഡിക്കല്‍ ഷോപ്പുകളില്‍ കര്‍ശന നിയന്ത്രണമാണുള്ളത്. ഡോക്ടര്‍മാര്‍ക്കു പോലും മോര്‍ഫിന്‍ ഉപയോഗിക്കുന്നതിന് പ്രത്യേക രജിസ്റ്റര്‍ തന്നെയുണ്ട്. എന്നാല്‍ കര്‍ണാടകയില്‍ ഓണ്‍ലൈന്‍ ഫാര്‍മസിയുടെ മറവിലാണ് മോര്‍ഫിന്‍ കച്ചവടം നടക്കുന്നത്. ബേക്കറി വ്യാപാര മേഖലയുമായി ബന്ധപ്പെട്ട ചിലര്‍ മോര്‍ഫിന്‍ ഉള്‍പ്പെടെയുള്ള ലഹരിക്കടത്തിന് പിന്നിലുളളതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.