ഏറ്റുമാനൂരില്‍ ചരക്ക് ലോറി സ്‌കൂട്ടറില്‍ ഇടിച്ച് സ്ത്രീയും പുരുഷനും മരിച്ചു
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ ചരക്ക് ലോറി സ്‌കൂട്ടറില്‍ ഇടിച്ച് സ്ത്രീയും പുരുഷനും മരിച്ചു. വയലാ വാഴക്കാലാ കോളനിയില്‍ കുന്നുംപുറത്ത് ഹരി (48), കുറവിലങ്ങാട് കാഞ്ഞിരംകുളം കോളനി നിവാസി മഞ്ചു (50) എന്നിവരാണ് മരിച്ചത്. ഇരുവരും സംഭവത്തുസ്ഥലത്തുതന്നെ മരിച്ചു. ശനിയാഴ്ച രാത്രി 11.30ന് സെന്‍ട്രല്‍ ജങ്ഷനില്‍ പോലീസ് സ്റ്റേഷന്റെ മുന്നിലായിരുന്നു അപകടം.
ടാറിങ് സബ് കോണ്‍ട്രാക്ടറാണ് ഹരി. പാലാ റോഡില്‍ നിന്നു വളവ് തിരിഞ്ഞ് കയറി വന്ന സ്‌കൂട്ടറില്‍ അമിതവേഗതയില്‍ കോട്ടയം ഭാഗത്തുനിന്നു വന്ന ചരക്ക് ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ ഇവരുടെ ശരീരത്തു കൂടി ലോറിയുടെ ടയറുകള്‍ കയറിയിറങ്ങി. തലച്ചോറ് ഉള്‍പ്പെടെ ശരീര ഭാഗങ്ങള്‍ റോഡില്‍ ചിന്നിചിതറിയ നിലയിലായിരുന്നു. ശബ്ദം കേട്ട് ടൗണിലുണ്ടായിരുന്നവര്‍ ഓടിയെത്തി പോലീസ് ജീപ്പിലും ആംബുലന്‍സിലുമായി ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കനായില്ല.
കോട്ടയത്തു നിന്നു അഗ്‌നിശമനസേനയെത്തി റോഡില്‍ നിരന്നു കിടന്ന ശരീരാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ കഴുകി വൃത്തിയാക്കി. ഇരുവരുടെയും മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഏറ്റുമാനൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.