കണ്ണൂര്‍: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ പരാതിയുമായി കണ്ണൂരിലെ ഇരട്ടകളും. രമേശ് ചെന്നിത്തല പുറത്തുവിട്ട ഇരട്ടവോട്ട് പട്ടികയില്‍ ഉള്‍പ്പെട്ട കണ്ണൂര്‍ മയ്യിലിലെ ഇരട്ട സഹോദരങ്ങള്‍ ചെന്നിത്തലക്കെതിരെ പോലീസില്‍ പരാതി നല്‍കി. കുറ്റിയാട്ടൂരിലെ ഇരട്ട സഹോദരന്മാരായ ജിതിനും ജിഷ്ണുവും കയരളത്തെ ഇരട്ട സഹോദരിമാരായ സ്നേഹയും ശ്രേയയും ആണ് പരാതി നല്‍കിയത്.
ഇരട്ട വോട്ടെന്ന പേരില്‍ അപമാനിച്ചതിന് ചെന്നിത്തലക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. തളിപ്പറമ്പ് നിയമസഭാ നിയോജക മണ്ഡലത്തിലെ 178-ാം നമ്പര്‍ ബൂത്തിലെ 533-ാം നമ്പര്‍ വോട്ടറാണ് ജിതിന്‍. ജിഷ്ണു ഇതേ ബൂത്തിലെ 534-ാം നമ്പര്‍ വോട്ടറാണ്.139-ാം ബൂത്തിലെ 77, 78 ക്രമനമ്പറുകളില്‍ ഉള്ള വോട്ടര്‍മാരാണ് സ്നേഹയും ശ്രേയയും. എന്നാല്‍ ഇത് ഇരട്ട വോട്ടെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം.
കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലെ നാലു ലക്ഷത്തി മുപ്പത്തിനാലായിരം ഇരട്ടവോട്ടര്‍മാരുടെ പട്ടിക പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ബുധനാഴ്ച പുറത്തുവിട്ടിരുന്നു. എന്നാല്‍ പ്രതിപക്ഷ പുറത്തുവിട്ട പട്ടികയില്‍ പിശകുണ്ടെന്ന് ഇതിന് മുമ്പും പരാതിയുമായി ഇരട്ടകള്‍ രംഗത്ത് വന്നിരിന്നു. ഒറ്റപ്പാലം മണ്ഡലത്തിലെ 135-ാം നമ്പര്‍ ബൂത്തിലെ തോട്ടക്കര തേക്കിന്‍കാട്ട് വീട്ടിലെ ഇരട്ട സഹോദരങ്ങളായ അരുണും വരുണുമാണ് പരാതിയുമായി രംഗത്ത് വന്നത്. പ്രതിപക്ഷ നേതാവിന്റെ നടപടി തങ്ങള്‍ക്ക് അപമാനകരമായി പോയെന്ന് സഹോദരന്മാരില്‍ ഒരാളായ അരുണ്‍ പ്രതികരിച്ചു. മാനഹാനിയുണ്ടായെന്നും വ്യക്തിപരമായ അധിക്ഷേപമുണ്ടായി. പ്രതിപക്ഷ നേതാവിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കുമെന്നും അരുണ്‍ പറഞ്ഞിരിന്നു.
വെബ്‌സൈറ്റ് വഴി പുറത്തുവിട്ട പേരുകളില്‍ ഭൂരിഭാഗവും ഇരട്ട സഹോദരന്മാരോ സഹോദരിമാരോ ആണെന്നും സിപിഎം എംപി എളമരം കരീം ആരോപിച്ചിരുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കരീം ആരോപണം ഉന്നയിച്ചത്. നാല് ലക്ഷത്തിലധികം ഇരട്ട വോട്ടുകള്‍ കണ്ടെത്തിയെന്ന ചെന്നിത്തലയുടെ ആരോപണം കാറ്റുപോയ ബലൂണിന്റെ അവസ്ഥയിലെത്തിയെന്നും കരീം ആരോപിച്ചു.
www.operationtwins.com/’>www.operationtwins.com എന്ന വെബ്സൈറ്റിലൂടെയാണ് ചെന്നിത്തല ഇരട്ടവോട്ട് പട്ടിക പുറത്തുവിട്ടത്. ഒരോ നിയോജകമണ്ഡലത്തിലുമുള്ള വിവിധ ബൂത്തുകളില്‍ ചേര്‍ത്ത ഇരട്ടവോട്ടര്‍മാരുടെ വിവരങ്ങളും അതേ വോട്ടര്‍മാരുടെ ഫോട്ടോ ഉപയോഗിച്ചു സമീപ നിയോജകമണ്ഡലങ്ങളിലെ ബൂത്തുകളില്‍ വ്യത്യസ്ത പേരുകളിലും വിലാസങ്ങളിലും വോട്ടര്‍ ഐഡിയിലും ചേര്‍ത്ത വോട്ടര്‍മാരുടെ പേരുവിവരങ്ങളുമാണു വെബ്സൈറ്റിലൂടെ പുറത്തുവിട്ടത്.
നിയോജകമണ്ഡലത്തിന്റെ നമ്പര്‍, ബൂത്ത് നമ്പര്‍, ആ ബൂത്തിലെ വോട്ടറുടെ പേര്, വോട്ടര്‍ ഐഡി നമ്പര്‍, അതേ വ്യക്തിക്ക് മറ്റു ബൂത്തുകളിലുള്ള വോട്ടിന്റെ ഐഡി നമ്പര്‍, അവിടുത്തെ പേര്, വിലാസം, അതേ വ്യക്തിക്കു തന്നെ തൊട്ടടുത്ത നിയോജകമണ്ഡലങ്ങളിലുള്ള വോട്ടിന്റെ ഐഡി നമ്പര്‍, വിലാസം എന്നിവയുടെ പട്ടികയാണ് ഈ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തിട്ടുള്ളത്.
അതേസമയം ഇരട്ടവോട്ടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിന്റെ വിവര ശേഖരണം നിയമപരമായ മാര്‍ഗങ്ങളിലൂടെയാണോ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചു. ഇരട്ടവോട്ടിന്റെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ കേരളത്തെ അപമാനിക്കുന്നു. സംസ്ഥാനത്ത് ഒരു വോട്ട് പോലും ഇരട്ടിക്കരുത്. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാലുലക്ഷത്തിലധികം പേരുകള്‍ പ്രസിദ്ധീകരിച്ച് അവരെ കള്ളവോട്ടര്‍മാരാക്കി ചിത്രീകരിച്ചിരിക്കുന്നു. ദേശീയ തലത്തില്‍ തന്നെ കേരളത്തിനെതിരെ വലിയ അപവാദ പ്രചാരണമാണ് നടക്കുന്നത്. രേഖകള്‍ പ്രസിദ്ധീകരിച്ചത് ഇന്ത്യയില്‍ നിന്നല്ല. കേരളത്തെ ലോകത്തിന് മുന്നില്‍ വ്യാജ വോട്ടര്‍മാരുടെ നാടാക്കി ചിത്രീകരിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.