‘എങ്ങനെ മറ്റൊരാളെ പ്രണയിക്കാമെന്ന് എന്നെ പഠിപ്പിച്ചത് നീയാണ്’; വിവാഹ തലേന്ന് വരന്‍ മുന്‍കാമുകിക്ക് അയച്ച സന്ദേശം വൈറല്‍
വിവാഹ തലേന്ന് വരന്‍ മുന്‍ കാമുകിക്ക് എഴുതിയ സന്ദേശം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. എങ്ങനെ മറ്റൊരാളെ പ്രണയിക്കണമെന്ന് എന്നെ പഠിപ്പിച്ചത് നീയാണ്, ദേഷ്യവും നിരാശയും എങ്ങനെ കൈകാര്യം ചെയ്യണമെന്നും നീ എന്നെ പഠിപ്പിച്ചുവെന്നും യുവാവ് പറയുന്നു. അതോടൊപ്പം കാമുകിക്ക് യുവാവ് നന്ദി അറിയിക്കാനും മറന്നില്ല.
യുവതിക്കു ലഭിച്ച സന്ദേശം താഴെ കൊടുക്കുന്നു
‘ഞാന്‍ നാളെ വിവാഹിതനാവുകയാണ്. നിനക്ക് ഈ മെസേജ് അയക്കണമെന്നു തോന്നി (ഇക്കാര്യം എന്റെ ഭാവി വധുവിനും അറിയാം). എന്റെ ആദ്യ പ്രണയിനി ആയതിനു നന്ദി. എപ്പേഴും എന്നെ പ്രചോദിപ്പിച്ചതിനും പ്രശ്നങ്ങളില്‍ ഒപ്പം നിന്നതിനും അസുഖബാധിതനായപ്പോഴും നിരാശനായപ്പോഴും കരുതല്‍ കാണിച്ചതിനും നന്ദി. പ്രണയിക്കുമ്പോള്‍ നമ്മള്‍ ചെറുപ്പമായിരുന്നു. അന്ന് നിന്റെ പ്രണയത്തിന്റെ തീവ്രത എനിക്കറിയാം. ഇപ്പോള്‍ നിനക്ക് എങ്ങനെ പ്രണയിക്കാനാവുമെന്ന് എനിക്ക് ഊഹിക്കാം. അത്ര മനോഹരമായാണ് നിന്റെ ഹൃദയം സൃഷ്ടിച്ചിരിക്കുന്നത്. നിന്നെ ഭാര്യയായി ലഭിച്ചയാള്‍ ഭാഗ്യവാനാണ്. അയാള്‍ നിന്നോടു സ്നേഹത്തോടെയും കരുതലോടെയും പെരുമാറുന്നു എന്നു ഞാന്‍ പ്രത്യാശിക്കുന്നു. കാരണം അതില്‍ കൂടുതല്‍ നീ അര്‍ഹിക്കുന്നു.
എങ്ങനെ മറ്റൊരാളെ പ്രണയിക്കണമെന്ന് എന്നെ പഠിപ്പിച്ചത് നീയാണ്. ദേഷ്യവും നിരാശയും എങ്ങനെ കൈകാര്യം ചെയ്യണമെന്നും നീ എന്നെ പഠിപ്പിച്ചു. ഞാന്‍ നിന്നോടു കടപ്പെട്ടിരിക്കുന്നു. നിന്റെ ജീവിതത്തില്‍ സന്തോഷവും സ്നേഹവും നിറയട്ടെ”.
ഈ ട്വീറ്റ് വൈറലായതിനു പിന്നാലെ ‘മെസേജിനു മറുപടി നല്‍കിയോ, എന്തായിരുന്നു മറുപടി’ എന്നീ ചോദ്യങ്ങള്‍ കമന്റു ബോക്സില്‍ നിറഞ്ഞു. ഇതോടെ താന്‍ നല്‍കിയ മറുപടിയും യുവതി പങ്കുവച്ചു. ”എന്താണു പറയേണ്ടത് എന്നറിയാത്ത നിമിഷങ്ങളായിരുന്നു അത്” എന്നാണ് ട്വീറ്റിനൊപ്പം യുവതി കുറിച്ചത്.
”സുഹൃത്തേ ഞാന്‍ കരയുകയാണ്. ആദ്യമേ തന്നെ അഭിനന്ദനങ്ങള്‍ നേരുന്നു. എനിക്ക് നിന്നെ വേണമെന്നു തോന്നിയപ്പോഴെല്ലാം ഒപ്പം നിന്നതിനു നന്ദി. നിന്റെ കരുണയുള്ള വാക്കുകള്‍ക്കും നന്ദി. നിന്നെ കുറിച്ചോര്‍ത്ത് അഭിമാനം തോന്നുന്നു.
നീ ജീവിത പങ്കാളിയെ കണ്ടെത്തിയതില്‍ സന്തോഷമുണ്ട്. നിന്റെ സന്തോഷത്തില്‍ ഞാനും പങ്കാളിയാകുന്നു. നിന്റെ മകള്‍ക്ക് നീ നല്ലൊരു അച്ഛനായിരിക്കും. നിന്നെ വിവാഹം കഴിക്കുന്നവള്‍ ഭാഗ്യവതിയാണ്. നിനക്കും കുടുംബത്തിനും ആശംസകള്‍”.
പ്രണയം അവസാനിപ്പിച്ച് ശത്രുക്കളെപ്പോലെ പിരിയുന്നവര്‍ ഇതു കണ്ടു പഠിക്കണമെന്നാണ് ട്വിറ്ററിലെ കമന്റുകള്‍.
https://twitter.com/_xolexc/status/1152442724705918976