നാലുമാസം മുമ്പ് അറ്റകുറ്റ പണി ചെയ്ത റോഡില്‍ ഒരു മാസം കൊണ്ട് 15 കുഴികള്‍; അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്
തിരുവനന്തപുരം: നാലുമാസം മുമ്പ് മാത്രം അറ്റകുറ്റ പണികള്‍ നടത്തിയ ഉള്ളൂര്‍ മുതല്‍ മെഡിക്കല്‍ കോളേജ് ജംഗ്ക്ഷന്‍ വരെയുള്ള റോഡില്‍ അറ്റകുറ്റപണി പൂര്‍ത്തിയാക്കി ഒരു മാസത്തിനുള്ളില്‍ 15 ഓളം മരണക്കുഴികള്‍ രൂപപ്പെട്ടത് എങ്ങനെയാണെന്നതിനെ കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.
കേരള റോഡ് ഫണ്ട് ബോര്‍ഡ് മാനേജിംഗ് ഡയറക്ടര്‍ക്കാണ് കമ്മീഷന്‍ ഉത്തരവ് നല്‍കിയത്. മൂന്നാഴ്ചക്കകം വിശദീകരണം നല്‍കണം. മഴക്കാലത്തിന് മുമ്പ് റോഡ് നന്നാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും റോഡ് ഫണ്ട് ബോര്‍ഡ് നടപ്പാക്കിയില്ല. കിണര്‍ പോലുള്ള കുഴികളില്‍ കനത്ത മഴയില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് കാരണം ഇരു ചക്ര വാഹനയാത്രികര്‍ക്ക് നിത്യവും അപകടം സംഭവിക്കുന്നുണ്ട്. ജില്ലയിലെ ഏറ്റവും പ്രധാന ആശുപത്രികളില്‍ എത്തേണ്ട വഴിയാണ് ഇത്തരത്തില്‍ തകര്‍ന്നു കിടക്കുന്നത്. ഇതു വഴി ഏറ്റവുമധികം സഞ്ചരിക്കുന്നത് രോഗികളെയും കൊണ്ടുവരുന്ന ആമ്പുലന്‍സുകളാണ് . മണിക്കൂറുകളോളം ഗതാഗത തടസം അനുഭവപ്പെടുന്നത് കാരണം ആമ്പുലന്‍സുകള്‍ക്ക് പോലും യഥാസമയം ആശുപത്രിയിലെത്താന്‍ കഴിയാറില്ല.
കഴക്കൂട്ടം ദേശീയപാതയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഗതാഗതം തിരിച്ചു വിടുന്നതും ഇതു വഴിയാണ്. പൊതുപ്രവര്‍ത്തകനായ പി.കെ. രാജു നല്‍കിയ പരാതിയിലാണ് നടപടി.