സുനാമി സാധ്യതാ മുന്നറിയിപ്പ്; കനത്ത ജാഗ്രതാ നിര്‍ദ്ദേശം, തീരദേശവാസികളെ ഒഴിപ്പിക്കുന്നു
വെല്ലിംഗ്ടണ്‍: ന്യൂസിലാന്റില്‍ സുനാമി സാധ്യതയെന്ന റിപ്പോര്‍ടിനെ തുടര്‍ന്ന് കനത്ത ജാഗ്രതാ നിര്‍ദേശം. ഇതേതുടര്‍ന്ന് ന്യൂസിലാന്റിലെയും കലെഡോണിയയിയെയും വനോട്ടുവിലെയും തീരദേശത്ത് താമസിക്കുന്നവരെ മാറ്റിപാര്‍പിക്കാനുള്ള നടപടികള്‍ തുടങ്ങി. ശക്തമായ ഭൂചനലം അനുഭവപ്പെട്ടതിന് പിന്നാലെയാണ് സുനാമി സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം ലഭിച്ചത്.
ജനങ്ങളെ ഒഴിപ്പിക്കുന്നതിനായി നോമിയ നഗരത്തില്‍ ജാഗ്രതാ സൈറണ്‍ മുഴങ്ങി. 10 അടി (മൂന്ന് മീറ്റര്‍) ഉയരത്തിലാണ് ഇവിടെ തിരമാലകള്‍ അടിക്കുന്നത്. ജനങ്ങള്‍ ബീചിലേക്ക് പോകരുതെന്നും ജലാശയവുമായി ബന്ധപ്പെട്ട വിനോദത്തില്‍ ഏര്‍പ്പെടരുതെന്നും നിര്‍ദേശമുണ്ട്.ഗതാഗത തടസ്സം ഒഴിവാക്കാന്‍ കുട്ടികളെ സ്‌കൂളില്‍ വിടരുതെന്നും അധികൃതര്‍ അറിയിച്ചു.
തീരപ്രദേശങ്ങളിലുള്ളവര്‍ വീടുകളില്‍ തുടരരുതെന്നാണ് നാഷണല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സിയുടെ നിര്‍ദേശം. ന്യൂസിലാന്റ് തീരത്തുനിന്ന് 1000 കിലോമീറ്റര്‍ ചുറ്റളവിലാണ് ശക്തമായ ഭൂചലനം ഉണ്ടായിരിക്കുന്നതെന്ന് യുഎസ് ജിയോളജികല്‍ സര്‍വെ അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 8.1 മാഗ്‌നിറ്റിയൂഡ് രേഖപ്പെടുത്തി.
ഈ പ്രദേശങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടില്ലെന്ന് വരാം. എന്നാല്‍ സുനാമിയിലെ നാശനഷ്ടങ്ങള്‍ ഒഴിവാക്കാനാണ് ഇതെന്ന് അധികൃതര്‍ വ്യക്തമാക്കി. 10 വര്‍ഷം മുമ്ബ് സൗത് ഐലന്റ് സിറ്റിയിലുണ്ടായ റിക്ടര്‍ സ്‌കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 185 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.