രണ്ടായിരം രൂപയുടെ നോട്ടുകള്‍ നിരോധിക്കുന്നു! വാര്‍ത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്
ന്യൂഡല്‍ഹി: കുറച്ച് ദിവസമായി 2000 രൂപയുടെ നോട്ട് നിരോധിച്ചെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ ആ വാര്‍ത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. നോട്ടിന്റെ അച്ചടി കുറച്ചു എന്നല്ലാതെ നോട്ട് നിരോധിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. എങ്കിലും ഭാവിയില്‍ 2000 രൂപ നോട്ടുകള്‍ കിട്ടാതെ വരുമെന്ന് ഉറപ്പിക്കാവുന്നതാണ് ബാങ്കുകളുടെ നടപടികള്‍.
ഒട്ടുമിക്ക ബാങ്കുകളും എടിഎമ്മുകളില്‍ നിന്ന് 2000 രൂപ നോട്ടുകള്‍ എടുത്തുമാറ്റുന്നതിനുള്ള നടപടികള്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. എസ്.ബി.ഐ അടക്കം പല ബാങ്കുകളും ഇത് പ്രാവര്‍ത്തികമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 2000 രൂപയ്ക്ക് പകരം 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിറയ്ക്കാനാണ് ബാങ്കുകള്‍ ശ്രമം ആരംഭിച്ചിരിക്കുന്നത്. 2000 രൂപ നോട്ട് ആവശ്യമുളളവര്‍ക്ക് അതത് ശാഖകളില്‍ മാത്രമായി ലഭ്യമാക്കാനുളള നടപടികളാണ് ബാങ്കുകള്‍ തുടരുന്നത്.
രാജ്യത്തെ 2,40,000 എടിഎം മെഷീനുകളില്‍ 2000 രൂപ നോട്ടുകള്‍ നിറയ്ക്കുന്നത് നിര്‍ത്തിവെയ്ക്കാനുളള ശ്രമങ്ങളാണ് തുടരുന്നത്. ഇതോടെ 2000 രൂപ നോട്ടുകളുടെ ലഭ്യത കുറയും. പകരം 500 രൂപ നോട്ടുകളുടെ ലഭ്യത വര്‍ധിപ്പിക്കാനാണ് ബാങ്കുകളുടെ ശ്രമം. ഇതിന്റെ ഭാഗമായി എടിഎമ്മുകള്‍ പരിഷ്‌കരിക്കുന്നതിനുളള നടപടികളും പുരോഗമിക്കുകയാണ്.