ഇന്ത്യക്കാരെയും നാടുകടത്തി ട്രംപ്; അനധികൃത കുടിയേറ്റക്കാരുമായി വിമാനം പുറപ്പെട്ടതായി റിപ്പോർട്ട്
ന്യൂയോര്‍ക്ക്: അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാന്‍ ഉറച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതിന്റെ ഭാഗമായി അനധികൃത കുടിയേറ്റക്കാരെന്ന് ട്രംപ് ഭരണകൂടം കണ്ടെത്തിയ ഇന്ത്യക്കാരില്‍ ആദ്യ സംഘത്തെ തിങ്കളാഴ്ച സൈനിക വിമാനത്തില്‍ തിരിച്ചയച്ചതായി റോയിട്ടേഴ്‌സിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. സി-17 സൈനിക വിമാനം അനധികൃത കുടിയേറ്റക്കാരുമായി പുറപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുണ്ടെങ്കിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വിമാനം ഇന്ത്യയിലെത്തിച്ചേര്‍ന്നിട്ടില്ല. അതിനാല്‍ തന്നെ ഔദ്യോഗിക സ്ഥിരീകരണവും വന്നിട്ടില്ല.
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിനാണ് ട്രംപ് ഭരണകൂടം തയാറെടുക്കുന്നത്. അമേരിക്ക തയാറാക്കിയിട്ടുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രാഥമിക പട്ടികയില്‍ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്. മൊത്തം 15 ലക്ഷം പേരാണ് പട്ടികയിലുള്ളത്. എന്നാല്‍, 7.25 ലക്ഷം ഇന്ത്യക്കാര്‍ അനധികൃതമായി അമേരിക്കയില്‍ താമസിക്കുന്നുണ്ടെന്നാണ് സൂചനകള്‍. അമേരിക്കയിലെ അനധികൃതമായി കുടിയേറി പാര്‍ത്തവരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.
യു.എസില്‍ നിന്നും ഇന്ത്യയിലേക്ക് നാടുകടത്തുന്നവരുടെ കൃത്യമായ എണ്ണം ഇതുവരെയും ലഭ്യമായിട്ടില്ലെന്നും ആ വിവരങ്ങള്‍ പരിശോധിച്ച് വരികയാണെന്നുമാണ് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ മുമ്പ് പറഞ്ഞത്. സാധുവായ രേഖകളില്ലാതെ അമേരിക്കയില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് തിരിച്ചെത്തുന്നതില്‍ തടസ്സമില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു. അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുടെ കാര്യത്തില്‍ ഉചിതമായത് ചെയ്യുമെന്നാണ് നരേന്ദ്ര മോദി നിലപാട് എടുത്തിട്ടുള്ളതെന്നാണ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചത്.
ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് അനധികൃതമായി കുടിയേറിയ ആളുകളുമായുള്ള വിമാനം ഇതിനോടകം തന്നെ പുറപ്പെട്ടുകഴിഞ്ഞു. അമേരിക്കയില്‍ നിന്ന് യാത്രാസമയം ഏറ്റവും കൂടുതല്‍ വേണ്ട രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്ത് തിരിച്ചെത്തിയതിന് ശേഷം ആദ്യമായാണ് ഇന്ത്യക്കാരെ നാടുകടത്തുന്നത്. അനധികൃത കുടിയേറ്റം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായും യു.എസ്. പ്രതിനിധികള്‍ സംസാരിച്ചിരുന്നു.
അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്ന നടപടി സുഗമമാക്കുന്നതിനായി ട്രംപ് ഭരണകൂടം യു.എസ്.സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി യു.എസ്-മെക്‌സിക്കോ അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈന്യത്തെ അയയ്ക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. കുടിയേറ്റക്കാരെ നാടുകടത്താന്‍ സൈനിക വിമാനങ്ങള്‍ അയയ്ക്കുകയും അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കാന്‍ സൈനിക താവളങ്ങള്‍ തുറക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.