ലണ്ടന്‍: ആപ്പിള്‍ ഉത്പന്നങ്ങളുമായി പോയ ട്രക്ക് കൊള്ളയടിച്ചു. എഫോണ്‍ മുതല്‍ ആപ്പില്‍ വാച്ചുകള്‍ വരെയുള്ള 6.6 മില്യണ്‍ ഡോളര്‍(ഏകദേശം 48,98,17,020 രൂപ) വിലവരുന്ന ആപ്പിള്‍ ഉല്പന്നങ്ങളാണ് നഷ്ടമായത്. നോര്‍ത്താംപ്റ്റണ്‍ഷയറിലെ എംവണ്‍ മോട്ടോര്‍വേയില്‍ നവംബര്‍ പത്തിനാണ് സംഭവം.
ട്രക്ക് കൊള്ളയടിക്കാന്‍ നേരത്തെ തന്നെ പദ്ധതിയിട്ട കള്ളന്മാര്‍ ഡ്രൈവറേയും സുരക്ഷാജീനക്കാരനേയും കെട്ടി ഹൈവേയില്‍ തള്ളി ട്രക്കുമായി കടന്നുകളയുകയായിരുന്നു. ട്രക്കിനെ തൊട്ടടുത്തുള്ള ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ എത്തിച്ച ശേഷം ഉല്പന്നങ്ങള്‍ മറ്റൊരു ട്രക്കിലേക്ക് മാറ്റി ലട്ടര്‍വര്‍ത്തിലെ മറ്റൊരു നഗരത്തിലെത്തിച്ച ശേഷം വീണ്ടും മോഷ്ടാക്കള്‍ വാഹനം മാറ്റി. അതിനാല്‍ തന്നെ മോഷ്ടാക്കളെ കുറിച്ച് ഒരു സൂചനയും പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല.
ഡ്രൈവറുടെയും സുരക്ഷാ ജീവനക്കാരന്റെയും കൈകാലുകള്‍ കെട്ടിയിട്ട ശേഷമാണ് മോഷണം. കൊള്ളക്കായി ഇവര്‍ ആയുധങ്ങളൊന്നും ഉപയോഗിച്ചിട്ടില്ല. ഡ്രൈവറേയും സുരക്ഷാജീവനക്കാരനേയും ഉപദ്രവിച്ചിട്ടില്ല. ഇരുവരുടേയും കൈകാലുകള്‍ കെട്ടാനുള്ള ശ്രമത്തിനിടയില്‍ ഇരുവര്‍ക്കും നേരിയ തോതില്‍ പരിക്കേറ്റു. മോഷ്ടാക്കളെ പിടികൂടാന്‍ ജനങ്ങളുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്.
നവംബര്‍ പത്തിന് രാത്രി ഏഴിനും എട്ടിനും ഇടയില്‍ ഇതുവഴി കടന്നുപോയ വാഹനങ്ങള്‍ ശ്രദ്ധിച്ചിട്ടുള്ളവരോ, വാഹനങ്ങള്‍ കടന്നുപോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കൈവശമുള്ളവരോ പൊലീസുമായി ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ അസ്വാഭാവിക സാഹചര്യങ്ങളില്‍ ആപ്പിള്‍ ഉല്പന്നങ്ങള്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുള്ളവരോ, വിലകുറച്ച് വില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുള്ളവരോ ഉണ്ടെങ്കില്‍ പൊലീസുമായി ബന്ധപ്പെടണമെന്നും പ്രസ്താവനയില്‍ പറയുന്നു. അതേസമയം സംഭവത്തില്‍ പ്രതികരിക്കാന്‍ ആപ്പിള്‍ തയ്യാറായില്ല.