കൊല്‍ക്കത്ത: പുതുതായി തിരഞ്ഞെടുക്കപ്പെട്ട രണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് പശ്ചിമബംഗാള്‍ സ്പീക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തത് ഭരണഘടനാലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ സി.വി. ആനന്ദബോസ് രാഷ്ട്രപതിക്ക് കത്തയച്ചു. പശ്ചിമ ബംഗാള്‍ രാജ്ഭവനാണ് ഇക്കാര്യം അറിയിച്ചത്.
വെള്ളിയാഴ്ചയാണ് സ്പീക്കര്‍ ബിമന്‍ ബാനര്‍ജി പുതിയ എംഎല്‍എമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. ബംഗാള്‍ നിയമസഭയുടെ ഏകദിന പ്രത്യേക സമ്മേളനത്തിലായിരുന്നു സത്യപ്രതിജ്ഞ. ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച ഭഗവാന്‍ഗോല എംഎല്‍എ റയാത്ത് ഹുസൈന്‍, ബാരാനഗര്‍ എംഎല്‍എ
സയന്തിക ബന്ദോപാധ്യായ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞയുടെ വേദിയേച്ചൊല്ലി ഗവര്‍ണറും സ്പീക്കറും തമ്മില്‍ തര്‍ക്കത്തിലായിരുന്നു.
രാജ്ഭവനില്‍ സത്യപ്രതിജ്ഞ നടത്തണമെന്ന തന്റെ മുന്‍നിലപാട് പിന്‍വലിച്ച ഗവര്‍ണര്‍ ആനന്ദ ബോസ് സത്യവാചകം ചൊല്ലികൊടുക്കാന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ആശിഷ് ബാനര്‍ജിയെ നിയോഗിക്കുകയുണ്ടായി. വെള്ളിയാഴ്ച നിയമസഭ ചേര്‍ന്നപ്പോള്‍ സ്പീക്കറുടെ സാന്നിധ്യത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് അനുചിതമാണെന്ന് ചൂണ്ടിക്കാട്ടി പിന്‍വാങ്ങി. തുടര്‍ന്ന് സ്പീക്കര്‍ സത്യവാചകം ചൊല്ലിക്കൊടുക്കുകയായിരുന്നു.
ഈ നടപടിയില്‍ അസന്തുഷ്ടി പ്രകടിപ്പിച്ച ഗവര്‍ണര്‍ ആനന്ദ ബോസ് രാഷ്ട്രപതിക്ക് കത്തയക്കുകയായിരുന്നു. ‘സ്പീക്കറുടെ ഭരണഘടനാപരമായ അനൗചിത്യത്തെക്കുറിച്ച് ഗവര്‍ണര്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കത്തെഴുതിയിട്ടുണ്ട്. ബംഗാള്‍ സ്പീക്കര്‍ രണ്ട് എംഎല്‍എമാര്‍ക്ക് നിയമസഭയില്‍ സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് ഭരണഘടനാ ലംഘനമാണെന്ന് ഗവര്‍ണര്‍ തന്റെ കത്തില്‍ ഊന്നിപ്പറഞ്ഞു’, രാജ്ഭവന്‍ പിടിഐയോട് പ്രതികരിച്ചു.
സ്പീക്കര്‍ പറയുന്ന ചട്ടങ്ങളൊന്നും ഭരണഘടനയ്ക്ക് മുകളിലല്ലെന്ന് സെക്ഷന്‍ 188 ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ‘നിയമസഭയിലോ ലെജിസ്ലേറ്റീവ് കൗണ്‍സിലിലോ തിരഞ്ഞെടുക്കപ്പെടുന്ന അംഗം ഗവര്‍ണര്‍ക്ക് മുമ്പാകെയോ അദ്ദേഹം നിയോഗിക്കുന്നവര്‍ക്ക് മുമ്പാകെയോ ആയിരിക്കണം സത്യപ്രതിജ്ഞ ചെയ്യുന്നതെന്നാണ് സെക്ഷന്‍ 188-ല്‍ പറയുന്നത്. സത്യപ്രതിജ്ഞയ്ക്ക് ഗവര്‍ണര്‍ ഡെപ്യൂട്ടി സ്പീക്കറെ നിയോഗിച്ചിട്ടും ഭരണഘടനാ ലംഘനമുണ്ടായി’, ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.