EntertainmentKeralaNews

‘ഒരുമിച്ച് പോകാൻ ശ്രമിച്ചു, സന്തോഷമില്ലാതെ ഒന്നിച്ച് ജീവിക്കേണ്ടതില്ലല്ലോ’; വിവാഹമോചിതയായിയെന്ന് ​ഗൗതമി നായർ

കൊച്ചി:സെക്കന്റ് ഷോ എന്ന ചിത്രം മലയാള സിനിമക്ക് നൽകിയത് ഒരു പിടി പുതുമുഖങ്ങളെയാണ്. ദുൽഖർ സൽമാൻ, സണ്ണി വെയ്ൻ എന്നിങ്ങനെ നീളുന്നു പട്ടിക. അക്കൂട്ടത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് ഗൗതമി നായർ. സെക്കന്റ് ഷോക്ക് ശേഷവും ഒരുപിടി ചിത്രങ്ങളിൽ നായികാ വേഷത്തിൽ ഗൗതമി എത്തി. ​

ഗൗതമിയെ ഇപ്പോഴും പ്രേക്ഷകർ അതിവേ​ഗത്തിൽ തിരിച്ചറിയുന്നത് ലാൽ ജോസ് ചിത്രം ഡയമണ്ട് നെക്ലേസിലെ ഫഹദിന്റെ കാമുകിയായ നഴ്സായിട്ടാണ്. ഒരുപക്ഷെ ​ഗൗതമിയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമയും ഡയമണ്ട് നെക്ലേസ് ആയിരിക്കും.

സെക്കന്റ് ഷോയുടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനെയാണ് ഗൗതമി വിവാഹം ചെയ്തത്. വളരെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. എന്നാൽ ഇരുവരും കുറച്ച് നാൾ മുമ്പ് വിവാഹമോചിതരായി. പക്ഷെ അക്കാര്യം താരങ്ങൾ ഇതുവരേയും പരസ്യപ്പെടുത്തിയിരുന്നില്ല.

ഇപ്പോഴിത ആദ്യമായി ശ്രീനാഥുമായുള്ള വിവാഹ​ ജീവിതം അവസാനിപ്പിച്ചതിനെ കുറിച്ചും അതിന് ശേഷമുള്ള ജീവിതത്തെ കുറിച്ചും ​ഗൗതമി തുറന്ന് സംസാരിച്ചിരിക്കുകയാണ്.

തങ്ങളുടെ ഐഡിയോളജികൾ തമ്മിൽ ഒത്തുപോകാതെയായതോടെയാണ് പിരിഞ്ഞതെന്നാണ് ​ഗൗതമി പറയുന്നത്. ‘ഞാൻ എന്നൊരാൾ ഇവിടെയുണ്ടെന്നത് നമ്മൾ തന്നെ വേണം ആളുകളെ അറിയിക്കാൻ.’

‘സിനിമയിൽ നിരവധി പുതിയ ആളുകൾ വന്ന് കഴിഞ്ഞു. ഞാൻ ഇപ്പോഴും അഭിനയിക്കാൻ തയ്യാറായി നിൽക്കുകയാണെന്ന കാര്യം സിനിമാ മേഖലയിൽ പലർക്കും അറിയില്ല.’

‘അവർ എന്നോട് ചോദിക്കുന്നത് നിങ്ങൾ ഇപ്പോഴും അഭിനയിക്കുന്നണ്ടോ എന്നാണ്. ഇനി ഞാൻ സംവിധാനം മാത്രമെ ചെയ്യുന്നുള്ളു എന്നാണ് ഇൻ‌ഡസ്ട്രിയിലെ പലരും ധരിച്ചിരിക്കുന്നത്.’

‘ജൂഡ് ആന്റണിയുടെ 2018ൽ വളരെ ചെറിയ കഥാപാത്രമാണ് അവതരിപ്പിക്കുന്നത്. ഓം ശാന്തി ഓശാനയിൽ നിക്കി ​ഗൽറാണിയുടെ കഥാപാത്രം അവതരിപ്പിക്കാൻ ജൂഡ് എന്നെ വിളിച്ചിരുന്നു. അന്ന് പക്ഷെ എനിക്ക് പോകാൻ സാധിച്ചില്ല. അതുകൊണ്ടാണ് ജൂഡ് വീണ്ടും വിളിച്ചപ്പോൾ ഞാൻ 2018ൽ അഭിനയിക്കാമെന്ന് സമ്മതിച്ചത്.’

‘പേഴ്സണൽ ലൈഫിൽ കുറെ പ്രശ്നങ്ങളുണ്ടായിരുന്നു. ഞാനും ശ്രീനാഥും വേർപിരിഞ്ഞുവെന്നത് പലർക്കും അറിയില്ല. അത് പുറത്ത് പറഞ്ഞ് പിന്നെ ഒരു വാർത്തയായി വരുന്നതിനോട് എനിക്ക് താൽപര്യമില്ലായിരുന്നു. സത്യാവസ്ഥ അറിയാതെ ആളുകൾ പലതും പറഞ്ഞ് നടക്കും.’

‘ഡിവോഴ്സായി എങ്കിലും ശ്രീനാഥിനെ കുറിച്ച് ആളുകൾ ചോ​ദിക്കുമ്പോൾ ഞാൻ മറുപടി പറയാറുണ്ട്. പിരിഞ്ഞുവെങ്കിലും ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. മെസേജും കോളുമെല്ലാം ചെയ്യാറുണ്ട്. സിനിമയിൽ കാണുന്നത് പോലെ ഡ്രാമയൊന്നും ഇല്ലായിരുന്നു. മ്യൂച്ചലായി എടുത്ത തീരുമാനമായിരുന്നു. അങ്ങനെയാണ് പിരിഞ്ഞത്.’

‘ഇപ്പോൾ ഞങ്ങൾ രണ്ടുപേരും ഹാപ്പിയാണ്. ഫൈറ്റോ തർക്കമോ ഒന്നും ഉണ്ടായിരുന്നില്ല. ഇതിനെല്ലാം ശേഷം ഞാൻ ഒരു തെറാപ്പി അറ്റൻഡ് ചെയ്തിരുന്നു. മൂന്ന് വർഷത്തെ ദാമ്പത്യ ജീവിതമായിരുന്നു. 2017ലായിരുന്നു വിവാഹം. 2012 മുതൽ ഞങ്ങൾ പരിചയക്കാരായിരുന്നു. ശേഷം ഡേറ്റിങിലായിരുന്നു.’

‘ഞങ്ങൾ തമ്മിൽ യാതൊരു പ്രശ്നവുമില്ലായിരുന്നു. അതുകൊണ്ട് തന്നെ ഞാനും ശ്രീനാഥും പിരിയുകയാണെന്ന് വീട്ടിൽ പറഞ്ഞപ്പോൾ ‍ഞങ്ങളുടെ രണ്ട് വീട്ടുകാരും ചോദിച്ചത് നിങ്ങൾ തമ്മിൽ ഒരു പ്രശ്നവുമില്ലല്ലോ പിന്നെ എന്തിന് പിരിയുന്നുവെന്നാണ്. ഞങ്ങൾ തമ്മിൽ പ്രശ്നങ്ങളില്ല.’

‘ഒരു സമയം കഴിഞ്ഞപ്പോൾ ഞങ്ങളുടെ ഐഡിയോളജികൾ തമ്മിൽ ചേരാതെയായി. ഒരുമിച്ച് പോകാൻ ഒരുപാട് ശ്രമിച്ചു. പക്ഷെ സാധിക്കുന്നില്ലായിരുന്നു. അല്ലെങ്കിൽ ആരെങ്കിലും ഒരാൾ കോംപ്രമൈസ് ചെയ്യേണ്ടി വരും ജീവിതത്തിൽ ബാലൻസ് വരാൻ‌.’

‘സന്തോഷമില്ലാത്ത ജീവിതം വേണ്ടെന്ന് കരുതി തന്നെയാണ് എന്നാൽ പിരിയാമെന്ന് ഞങ്ങൾ‌ തീരുമാനിച്ചത്. ഇപ്പോൾ എനിക്ക് എന്താണ് വേണ്ടത് എന്നതിൽ ധാരണയുണ്ട്. കമ്യൂണിക്കേഷൻ പാട്നറുമായി അത്യാവശ്യമാണ്.’

’23 മുതൽ 26 വയസ് വരെയുള്ള പ്രായത്തിൽ നമുക്ക് വേണ്ടത് എന്താണെന്ന് നമുക്ക് തിരിച്ചറിയാൻ കഴിയില്ല. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ 27 വയസിന് ശേഷമെ തീരുമാനം എടുക്കാൻ പാടുള്ളു’ ​ഗൗതമി നായർ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker