KeralaNewsPolitics

തിരഞ്ഞെടുപ്പ് ഫലം അറിയാന്‍ ഇനി ‘ട്രെന്‍ഡ്’ ഇല്ല, പകരം ‘എന്‍കോര്‍’;

തൃശ്ശൂര്‍: തിരഞ്ഞെടുപ്പുഫലം അതിവേഗം ലഭ്യമാക്കിയിരുന്ന ‘ട്രെന്‍ഡ്’ എന്ന പോര്‍ട്ടല്‍ മാറി പകരം ‘എന്‍കോര്‍’ എന്ന വെബ്‌സൈറ്റാണ് ഫലമറിയാന്‍ നിലവിലുള്ളത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റിലെ results.eci.gov.in എന്ന ലിങ്ക് വഴിയായിരിക്കും ഇത്തവണ വോട്ടെണ്ണുമ്പോള്‍ ഫലം പുറത്തുവരുക. ചീഫ് ഇലക്ടറല്‍ ഓഫീസാണ് ട്രെന്‍ഡ് വേണ്ടെന്ന തീരുമാനമെടുത്തത്.

ഓരോ വോട്ടെടുപ്പ് യന്ത്രവും എണ്ണിക്കഴിയുമ്പോള്‍ അതിലെ ഫലം ഉടന്‍ തന്നെ ട്രെന്‍ഡ് സൈറ്റിലേക്ക് അപ്ലോഡ് ചെയ്തിരുന്നു. അതിനാലാണ് എട്ടുമണിക്ക് എണ്ണല്‍ തുടങ്ങിയാല്‍ 8.15-ടെ ആദ്യഫല സൂചനകള്‍ പുറത്തുവന്നിരുന്നത്. 140 മണ്ഡലങ്ങളെയും ഫൈബര്‍ ശൃംഖല ഉപയോഗിച്ച്‌ അതിവേഗ ഇന്റര്‍നെറ്റ് സഹായത്തോടെ ബന്ധിപ്പിച്ചാണ് ട്രെന്‍ഡ് പ്രവര്‍ത്തിപ്പിച്ചിരുന്നത്.

1999 മുതല്‍ കേരളത്തില്‍ തിരഞ്ഞെടുപ്പ് ഫലമറിയാന്‍ വിജയകരമായി ഉപയോഗിക്കുന്ന പോര്‍ട്ടലാണിത്. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററാണ് സംസ്ഥാനത്തിന് വേണ്ടി ഇത് രൂപകല്പന ചെയ്തിരുന്നത്. ഒരു തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന് രണ്ടു പോര്‍ട്ടലുകള്‍ വേണ്ടെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട് എടുത്തതോടെയാണ് ട്രെന്‍ഡ് പുറത്തായത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക സംവിധാനമാണ് എന്‍കോര്‍. ട്രെന്‍ഡ് ഉണ്ടായിരുന്നപ്പോള്‍ എന്‍കോറിലേക്കും ഡേറ്റ ലഭ്യമാക്കിയിരുന്നു.

എന്‍കോറില്‍ ഓരോ മേശ എണ്ണിത്തീരുമ്പോഴും ഫലം ലഭ്യമാക്കും. പക്ഷേ, പൊതുജനങ്ങള്‍ക്ക് ഇത് കിട്ടണമെങ്കില്‍ ഒരു റൗണ്ട് എണ്ണിക്കഴിയണം. ഉദാഹരണത്തിന് 300 പോളിങ്‌സ്റ്റേഷനുള്ള ഒരു മണ്ഡലത്തെ 10 റൗണ്ടായി നിശ്ചയിച്ചാല്‍ 30 പോളിങ് ബൂത്തുകളായിരിക്കും ഒരു റൗണ്ടില്‍ വരുക. ഒരു റൗണ്ടില്‍ പരമാവധി 30 ബൂത്തുകളാണ് വരുക. ഒരു റൗണ്ട് എണ്ണിത്തീരാന്‍ ചുരുങ്ങിയത് അരമണിക്കൂര്‍ എടുക്കും. അത് എന്റര്‍ ചെയ്യുമ്പോള്‍ മാത്രമേ ആ മണ്ഡലത്തിലെ ആദ്യസൂചന പുറത്തുവരൂ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker