മംഗളൂരു: കൊങ്കൺ പാതയിലൂടെയുള്ള ഗതാഗതം പുനസ്ഥാപിച്ചു. ഞായറാഴ്ച്ച രാവിലെ 8.50 ന് അജ്മീർ – എറണാകുളം മരുസാഗർ എക്സ്പ്രസ് (02978) കൊങ്കൺ വഴി കടത്തിവിട്ടു. കനത്ത മഴയെ തുടർന്ന് റെയിൽപാളത്തിലേക്ക് മണ്ണിടിഞ്ഞു വീണാണ് ഗതാഗതം തടസപ്പെട്ടത്.
ശനിയാഴ്ച അർദ്ധരാത്രിയോടെ പാതയിലെ മണ്ണ് പൂർണ്ണമായും നീക്കി. പാളത്തിലെ അറ്റകുറ്റ പണിയും വൈദ്യുത ലൈനിന്റെയും, കേബിളിന്റെയും കേടുപാടുകളും തീർത്ത് പുലർച്ചയോടെ ആദ്യം എഞ്ചിനും പിന്നീട് വേഗം കുറച്ച് ചരക്ക് വണ്ടിയും കടത്തി വിട്ടു. അതിന് ശേഷമാണ് രാവിലെ മരുസാഗർ എക്സ്പ്രസ് കടത്തിവിട്ടത്.
മംഗളൂരു ജംങ്ഷൻ – തോക്കൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ കുലശേഖര തുരങ്കത്തിനടുത്താണ് വെള്ളിയാഴ്ച രാവിലെയോടെ പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണത്. ഇതോടെ രണ്ട് ദിവസമായി കൊങ്കൺ പാത വഴിയുള്ള ഗതാഗതം പൂർണമായി തടസപ്പെട്ടു. ഇതേ തുടർന്ന് നിരവധി ട്രെയിനുകൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു.മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശത്ത് മഴ ശക്തമാണ്. അതിനാൽ അപകട സാധ്യത കണക്കിലെടുത്ത് വേഗത കുറച്ചു മാത്രമെ ഈ റൂട്ടിലൂടെ തീവണ്ടികൾ കടത്തി വിടൂ എന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.