KeralaNews

ടി.പി വധക്കേസ് പ്രതികള്‍ സി.പി.എമ്മിനെ ബ്ലാക്ക്മെയില്‍ ചെയ്യുന്നു; ഗൂഡാലോചന പുറത്തു വന്നാല്‍ പല സി.പി.എം നേതാക്കളും ജയിലിലാകും: വി.ഡി.സതീശന്‍

കൊച്ചി: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിക്ക് ജാമ്യം അനുവദിച്ച തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കൊടി സുനിയെ പരോളില്‍ വിടാന്‍ പൊലീസ് റിപ്പോര്‍ട്ട് ലംഘിച്ചാണു തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. അതിനു മനുഷ്യാവകാശ കമ്മിഷന്റെ പേര് ഉപയോഗിച്ചിരിക്കുകയാണ്. മനുഷ്യാവകാശ കമ്മിഷന്‍ യഥാര്‍ഥത്തില്‍ ഇടപെട്ടിട്ടില്ല. കിട്ടിയ അപേക്ഷ സര്‍ക്കാരിലേക്ക് അയച്ചു കൊടുക്കുക മാത്രമാണു കമ്മിഷന്‍ ചെയ്തത്. തീരുമാനം സര്‍ക്കാരാണ് എടുത്തത്. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫിസിലെ ഉപജാപക സംഘവുമാണ് ഇതിനു പിന്നില്‍.

”2018ല്‍ പരോള്‍ കൊടുത്തപ്പോള്‍ തട്ടിക്കൊണ്ടു പോകല്‍ പോലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ആളാണ് കൊടി സുനി. ജയിലിലും പുറത്തും ഒരേ പോലെ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഒരാള്‍ക്ക് ഒരു മാസം പരോള്‍ കൊടുക്കാനുള്ള തീരുമാനം യഥാര്‍ഥത്തില്‍ ഈ പ്രതികളെ പേടിച്ചു ചെയ്യുന്നതാണ്. ജയിലില്‍ കിടന്നുകൊണ്ട് എല്ലാവിധ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും ചെയ്യുന്ന സംഘമാണിത്. സ്വര്‍ണക്കടത്തും സ്വര്‍ണം പൊട്ടിക്കലും ലഹരിക്കടത്തും അടക്കമുള്ള എല്ലാ ക്രിമിനല്‍ പരിപാടികളിലും ഇവര്‍ക്കു പങ്കുണ്ട്. സിപിഎമ്മിന് ഇവരെ പേടിയാണ്.

ടി.പി.ചന്ദ്രശേഖരന്‍ വധത്തിലെ ഗൂഢാലോചന പുറത്തുവിടും എന്ന് ഈ പ്രതികള്‍ സിപിഎം നേതാക്കളെ ഭീഷണിപ്പെടുത്തുകയാണ്. അതു പുറത്തുവിട്ടാല്‍ ഇപ്പോള്‍ പുറത്തു കറങ്ങിനടക്കുന്ന പല സിപിഎം നേതാക്കളും അകത്തുപോകും. ജയിലില്‍ കിടക്കുന്ന കൊടുംക്രിമിനലുകളെ ഭയന്നു ജീവിക്കുന്ന സര്‍ക്കാരാണു കേരളത്തിലുള്ളത്. സര്‍ക്കാര്‍ ആരുടെ കൂടെയാണ്? കേരളത്തിന്റെ മനസ്സാക്ഷിയെ മുഴുവന്‍ ഞെട്ടിച്ച ക്രൂരമായ കൊലപാതകം ചെയ്ത ഈ ക്രിമിനലുകള്‍ക്കൊപ്പമാണ് സിപിഎം.

പത്തനംതിട്ട ജില്ലയിലെ ക്രിമിനലുകള്‍ മുഴുവന്‍ സിപിഎമ്മില്‍ ചേരുന്നത് അതിന്റെ തെളിവാണ്. അവിടെ ചേര്‍ന്നാല്‍ സുരക്ഷിതമാണെന്ന് അവര്‍ക്കറിയാം. എസ്എഫ്‌ഐക്കാരെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികളെ വരെ പാര്‍ട്ടിയിലേക്കു മാലയിട്ടു സ്വീകരിക്കുന്നത് മന്ത്രിയുടെ നേതൃത്വത്തിലാണ്. കാപ്പാ കേസ് പ്രതികളെ ഉള്‍പ്പെടെയാണ് പാര്‍ട്ടിയിലേക്കു ക്ഷണിച്ചുകൊണ്ടുവന്നു പദവികള്‍ നല്‍കുന്നത്. ക്രിമിനലുകളുടെ താവളമായി സിപിഎം മാറി” സതീശന്‍ കുറ്റപ്പെടുത്തി.

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളെ സഹായിക്കാന്‍ പരസ്യ നിലപാട് സ്വീകരിച്ചതു പോലെ പൊലീസ് റിപ്പോര്‍ട്ട് ലംഘിച്ചാണ് ടി.പി വധക്കേസിലെ കൊടിയ ക്രിമിനലായ കൊടി സുനിക്ക് പരോള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പരോള്‍ സംബന്ധിച്ച അപേക്ഷ സര്‍ക്കാരിന് നല്‍കുക മാത്രമാണ് മനുഷ്യാവകാശ കമ്മിഷന്‍ ചെയ്തത്. അല്ലാതെ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടിട്ടില്ല. തീരുമാനം സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഓഫീസിലെ ഉപജാപകസംഘത്തിന്റേതുമാണ്.

കേരളം മിനി പാകിസ്ഥാനാണെന്നും തീവ്രവാദികളാണെന്നുമുള്ള ബി.ജെ.പി നേതാവിന്റെ പ്രസ്ഥാവന സി.പി.എം പി.ബി അംഗം എ വിജയരാഘവന്‍ പറഞ്ഞത് ബി.ജെ.പി ഏറ്റുപിടിക്കുന്നു എന്നതിന്റെ തെളിവാണ്. സംഘ്പരിവാറിന്റെ അജണ്ടയാണ് കേരളത്തില്‍ സി.പി.എം പ്രചരിപ്പിക്കുന്നത്. ഡല്‍ഹിയില്‍ പി.ആര്‍ ഏജന്‍സി വഴി നല്‍കിയ വാര്‍ത്തയും മുഖ്യമന്ത്രി ഹിന്ദു ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖവും മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനവും എ വിജയരാഘവന്‍ പ്രസംഗവും സി.പി.എം നേതാക്കളുടെ പ്രതികരണവുമൊക്കെയാണ് ബി.ജെ.പി നേതാക്കളും നടത്തുന്നത്. കേരളം പാകിസ്ഥാനാണെന്നും തീവ്രവാദികളുടെ കേന്ദ്രമാണെന്നുമൊക്കെ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് ബി.ജെ.പിയും സി.പി.എമ്മും ഒന്നിച്ചാണ്.

വയനാട്ടിലേത് അതിതീവ്ര ദുരന്തമാണെന്ന് കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഇത്രയും മാസം എടുത്തെങ്കില്‍ പിന്നെ എന്ത് സംവിധാനമാണ് അവിടെയുള്ളത്. പ്രധാനമന്ത്രിയും കേന്ദ്ര സംഘവും സ്ഥലം സന്ദര്‍ശിച്ചിട്ടും കേരളം നിവേദനം നല്‍കിയിട്ടും നാലരമാസം കഴിഞ്ഞപ്പോഴാണ് അതിതീവ്ര ദുരന്തമാണെന്നു പറയുന്നത്. അപ്പോള്‍ എന്ത് കാര്യക്ഷമതയാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്. സംസ്ഥാനത്തിന് വേണ്ടത് സാമ്പത്തിക സഹായമാണ്. അല്ലാതെ ഈ പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ട് കാര്യമില്ല. കേന്ദ്രം നേരത്തെ നല്‍കിയ എസ്.ഡി.ആര്‍.എഫ് ഫണ്ടിന് ഇതുമായി ഒരു ബന്ധവുമില്ല. അത് എല്ലാ സംസ്ഥാനങ്ങള്‍ക്കും ലഭിക്കുന്നതാണ്. സ്പെഷല്‍ പാക്കേജാണ് അനുവദിക്കേണ്ടത്. അത് മറ്റു സംസ്ഥാനങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്. അത് കേരളത്തിനും നല്‍കിയേ പറ്റൂ.

വന്യജീവി ആക്രമണത്തില്‍ നിസംഗതയാണ് സര്‍ക്കാരിന്റെ മുഖമുദ്ര. വന്യജീവികളും മനുഷ്യനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ചെറുവിരല്‍ അനക്കുന്നില്ല. ഈ വിഷയം നിരവധി തവണ പ്രതിപക്ഷം ഉയര്‍ത്തിയതാണ്. ആയിരത്തോളം പേരാണ് വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. എന്നിട്ടും മതിലോ കിടങ്ങോ സൗരോര്‍ജ്ജ് വേലിയോ നിര്‍മ്മിക്കാന്‍ സര്‍ക്കാരിന്റെ പക്കല്‍ പണമില്ല. ഞാന്‍ വനം മന്ത്രി ആയതു കൊണ്ടാണോ കാട്ടില്‍ നിന്നും പുലിയും ആനയും ഇറങ്ങുന്നതെന്നു ചോദിക്കുന്ന മന്ത്രിയാണ് ഭരിക്കുന്നത്.

വനംവകുപ്പ് ഒരു നടപടിയും സ്വീകരിക്കുന്നില്ല. പശുവിനെ അഴിച്ചു കെട്ടാന്‍ പോയ ചെറുപ്പക്കാരനാണ് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വനാതിര്‍ത്തിയിലുള്ള ജനങ്ങളുടെ ഉപജീവനം പോലും ഇല്ലാതായിരിക്കുകയാണ്. ആ മനുഷ്യരുടെ ജീവിതം ദുരന്തപൂര്‍ണമായി മാറിയിട്ടും സര്‍ക്കാര്‍ നിസംഗരായി ഇരിക്കുകയാണ്. അതുകൊണ്ടു തന്നെ അവര്‍ക്കു വേണ്ടിയുള്ള ശക്തമായ പ്രക്ഷോഭം യു.ഡി.എഫ് ഉടന്‍ തുടക്കം കുറിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker