ടിപ്പറിന്റെ അമിത വേഗം ചോദ്യം ചെയ്ത യുവാവിന്റെ കാല്‍ മകന്റെ മുന്നില്‍ വെച്ച് തല്ലിയൊടിച്ചു
വരാപ്പുഴ: അമിത വേഗം ചോദ്യം ചെയ്ത ബൈക്ക് യാത്രക്കാരന്റെ കാല്‍ ടിപ്പര്‍ ഡ്രൈവര്‍ തല്ലിയൊടിച്ചു. വരാപ്പുഴ സ്വദേശിയായ പ്രവീണ്‍ കുമാറാണ് ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. മകനെ സ്‌കൂളിലാക്കാന്‍ പോവുകയായിരുന്നു പ്രവീണ്‍. കഴിഞ്ഞ ദിവസം വരാപ്പുഴ പോലീസ് സ്റ്റേഷന് സമീപത്താണ് സംഭവം. സ്‌കൂള്‍ സമയത്ത് അമിത വേഗതയില്‍ ടിപ്പര്‍ ഓടിച്ചു പോയതിനെ തുടര്‍ന്നുള്ള തര്‍ക്കം കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. മകന്റെ മുന്നില്‍ വച്ചാണ് പ്രവീണിന്റെ കാല്‍ തല്ലി ഒടിച്ചത്.
മകനുമായി സ്‌കൂളിലേക്കു പോകും വഴി അമിത വേഗതയില്‍ എത്തിയ ടിപ്പര്‍ ബൈക്കില്‍ ഇടിക്കുമെന്ന സ്ഥിതിയെത്തി. ഇതോടെ ടിപ്പറിന് മുന്‍പില്‍ ബൈക്ക് നിര്‍ത്തി ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. എന്നാല്‍ നാട്ടുകാര്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയും ഇരുവരേയും തിരികെ വിടുകയുമായിരുന്നു.
എന്നാല്‍ അവിടെ നിന്നും പോയ ഇരുവരും വീണ്ടും എടമ്പാടം പാലത്തിന് സമീപത്ത് വച്ച് തമ്മില്‍ വീണ്ടും വാക്കുതര്‍ക്കമുണ്ടാവുകയും ലോറി ഡ്രൈവര്‍ വണ്ടിയിലുണ്ടായിരുന്ന ഇരുമ്പ് ദണ്ഡ് എടുത്ത് പ്രവീണ്‍ കുമാറിനെ മര്‍ദ്ദിക്കുകയുമായിരുന്നു. സംഭവത്തില്‍ വരാപ്പുഴയില്‍ വാടകയ്ക്ക് താമസിക്കുന്ന് പെട്രോ എന്നയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പ്രവീണിന്റെ ഇടത് കാലും ഇടത് കൈയിലെ വിരലിനും ഒടിവുണ്ട്.