പാലാ ഉപതെരഞ്ഞെടുപ്പ്: പെരുമാറ്റച്ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ
തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പില്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. വോട്ടര്‍ പട്ടിക കുറ്റമറ്റതാക്കാനുള്ള നടപടി വരുന്ന മാസം ഒന്നിന് ആരംഭിക്കുമെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പ് മികച്ച രീതിയില്‍ നടത്തിയതിന് കേരളത്തിന് പുരസ്‌കാരമുണ്ടെന്നും അദ്ദേഹം അറിയിച്ചു. പാലാ മണ്ഡലത്തില്‍ ഓഗസ്റ്റ് 25 വരെ അപേക്ഷ നല്കിയവരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തും.
നിലവില്‍ മണ്ഡലത്തിലാകെ 177864 വോട്ടര്‍മാരാണുള്ളത്. തെരഞ്ഞെടുപ്പ് സുഗമമായി നടത്താന്‍ 176 പോളിംഗ് സ്റ്റേഷനുകളുണ്ടാകും. അവയില്‍ മൂന്നെണ്ണം പൂര്‍ണമായും സ്ത്രീകള്‍ നിയന്ത്രിക്കുന്നവയായിരിക്കും. മേഖലയില്‍ രണ്ട് പ്രശ്‌നബാധിത ബൂത്തുകളാണുള്ളതെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. പെരുമാറ്റ ചട്ട പ്രകാരം ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിക്കാന്‍ പാടില്ല.
സമൂഹത്തില്‍ മതവികാരം വഷളാക്കി ദൈവത്തിന്റെ പേരില്‍ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. ഇക്കാര്യത്തില്‍ നേതാക്കളുടെ പ്രതികരണം വിലയിരുത്തി നടപടി സ്വീകരിക്കും. കഴിഞ്ഞ ലോക് സഭ തെരഞ്ഞെടുപ്പ് മികച്ച രീതിയില്‍ നടത്തിയതിന് കേരളത്തിനും ഒറീസക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്. റഷ്യയും ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനും ചേര്‍ന്നാണ് പുരസ്‌കാരം തീരുമാനിച്ചത്. ഇരു സംസ്ഥാനങ്ങളിലേയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ റഷ്യ സന്ദര്‍ശിക്കുമെന്നും ടീക്കാറാം മീണ അറിയിച്ചു.