വട്ടിയൂര്‍ക്കാവില്‍ ഉപതെരഞ്ഞെടുപ്പിന് തടസമില്ല, മഞ്ചേശ്വരത്ത് തടസമുണ്ടെന്ന് ടിക്കാറാം മീണ
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തടസമില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. മുരളീധരന്‍ എംഎല്‍എ സ്ഥാനം രാജിവച്ചതോടെ വട്ടിയൂര്‍ക്കാവിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് അന്നത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ നല്‍കിയ കേസ് നിലനില്‍ക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സിലിന്റെ ഉപദേശം കൂടി തേടുമെന്നും മീണ പറഞ്ഞു. സ്വത്തുവിവരത്തില്‍ യഥാര്‍ഥ ആസ്തി, ബാധ്യതകള്‍ മറച്ചുവച്ചുവെന്നായിരുന്നു എതിര്‍ സ്ഥാനാര്‍ഥി കൂടിയായിരുന്ന കുമ്മനത്തിന്റെ ആരോപണം.
അതേസമയം മഞ്ചേശ്വരത്ത് കള്ളവോട്ട് നടന്നുവെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ നല്‍കിയ കേസ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ ഉപതെരഞ്ഞെടുപ്പിന് തടസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ആറ് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടത്. ഇവയെല്ലാം കൃത്യസമയത്ത് തന്നെ നടക്കുമെന്നാണ് ടിക്കറാം മീണ നല്‍കുന്ന സൂചന.