രാജ്യവിരുദ്ധ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു; ടിക് ടോക്കിനും ഹെലോയ്ക്കും നിയന്ത്രണം വന്നേക്കും
ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ ആപ്പുകളായ ടിക് ടോക്കിനും ഹെലോയ്ക്കും കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് അയച്ചു. രാജ്യ വിരുദ്ധ, നിയമ വിരുദ്ധ കാര്യങ്ങള്‍ക്ക് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നുവെന്ന ആശങ്കയെ തുടര്‍ന്നാണ് നോട്ടീസ് അയച്ചിരിക്കുന്നത്. മറുപടി തൃപ്തികരമല്ലെങ്കില്‍ നിരോധനം ഉള്‍പ്പെടെയുളള നടപടികള്‍ നേരിടെണ്ടി വരുമെന്ന് ഐ.ടി മന്ത്രാലയം അറിയിച്ചു.
രാജ്യങ്ങള്‍ക്കും സ്വകാര്യസ്ഥാപനങ്ങള്‍ക്കും വിവരങ്ങള്‍ കൈമാറുന്നില്ലെന്നും ഭാവിയില്‍ കൈമാറുകയില്ലെന്നും ആപ്ലിക്കേഷനുകള്‍ എങ്ങനെ ഉറപ്പുനല്‍കുമെന്നും കത്തില്‍ ചോദിക്കുന്നുണ്ട്. ഐടി മന്ത്രാലയത്തിന്റെ സൈബര്‍ നിയമ/ ഇ-സുരക്ഷ വിഭാഗമാണ് നോട്ടീസ് അയച്ചത്. നോട്ടീസിന് വിശദമായ മറുപടി 22 ന് മുന്‍പ് നല്‍കണമെന്നാണ് നിര്‍ദ്ദേശം.
ആപ്ലിക്കേഷനുകള്‍ ചൈനയിലേക്ക് വിവരങ്ങള്‍ കടത്തുന്നുണ്ടോ, എന്തെല്ലാം വിവരങ്ങളാണ് സ്വീകരിക്കുന്നത് തുടങ്ങി അനധികൃതമായി ഉപയോക്താക്കളുടെ വിവരങ്ങള്‍ പങ്കുവെയ്ക്കുന്നതുള്‍പ്പെടെയുളള പ്രശ്നങ്ങളെ കുറിച്ചുളള ചോദ്യാവലിയാണ് ഐടി മന്ത്രാലയം അയച്ചത്.