തിരുവനന്തപുരം: കൊവിഡ് കണക്കുകള്‍ ചൂണ്ടിക്കാട്ടി പരിഹാസവുമായി സോഷ്യല്‍ മീഡിയ. സംസ്ഥാനത്തെയും തൃശൂര്‍ ജില്ലയിലെയും ഇന്നത്തെ കൊവിഡ് കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയ ചർച്ചചെയ്യുന്നത് . സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനം രൂക്ഷമായിരിക്കുന്ന സമയത്തും തൃശൂര്‍ പൂരം നടത്താനുള്ള തീരുമാനത്തെയാണ് സോഷ്യല്‍ മീഡിയ പരിഹാസരൂപേണ വിമര്‍ശിക്കുന്നത്. ഇന്നത്തെ കൊവിഡ് കണക്കുകളെ കുറിച്ചുള്ള വാര്‍ത്തകള്‍ക്കും മറ്റും കീഴിലായി കമന്റുകളുടെ രൂപത്തിലാണ് ഈ പ്രതികരണങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
തൃശൂര്‍ പൂരം അടിച്ചുപൊളിക്കണമെന്നും ഗംഭീരമാകണമെന്നുമാണ് സോഷ്യല്‍ മീഡിയ പരിഹസിക്കുന്നത്. അതേസമയം, ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിക്കുന്നവരെയും കാണാം. മുഖ്യമന്ത്രി പ്രോട്ടോക്കോള്‍ ലംഘനം നടത്തിയതായി ചിലര്‍ ചൂണ്ടിക്കാട്ടുമ്ബോള്‍ തൃശൂര്‍ പൂരം ഈ സാഹചര്യത്തില്‍ നടത്തേണ്ടതില്ലെന്നും സര്‍ക്കാര്‍ അത് സംബന്ധിച്ച് തീരുമാനമെടുക്കണമെന്നുമാണ് മറ്റ് ചിലര്‍ പറയുന്നത്. ഇന്ന് മാത്രം തൃശൂരില്‍ 1780 പേര്‍ക്കാണ് കൊവിഡ് വന്നതായി കണ്ടെത്തിയത്. ഇതോടെ ജില്ലയില്‍ നിലവില്‍ രോഗം മൂലം ചികിത്സയിലിരിക്കുന്നവരുടെ എണ്ണം 7122 ആയി ഉയര്‍ന്നിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 428 പേര്‍ രോഗമുക്തിയും നേടിയിട്ടുണ്ട്.
അതേസമയം തൃശൂരില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇന്നലെയും ആയിരത്തിന് മുകളിലായിരുന്നു. തൃശൂര്‍ പൂരം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി പാറമേക്കാവ് ദേവസ്വം ആരോപിച്ചിരുന്നു. ഒരു പൂരത്തിനും ഇല്ലാത്ത നിബന്ധനകളാണ് സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്നതെന്നും ചിലര്‍ തയ്യാറാക്കുന്ന തിരക്കഥ അനുസരിച്ചാണ് കാര്യം നടക്കുന്നതെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് പറഞ്ഞിരുന്നു. ബിജെപി വക്താവ് സന്ദീപ് ജി വാര്യരും തൃശൂര്‍ പൂരം നടത്തണമെന്നും ആചാരങ്ങള്‍ അട്ടിമറിക്കാന്‍ പാടില്ലെന്നും പറഞ്ഞിരുന്നു.