ഗുലാബ് ചുഴലിക്കാറ്റിൽ മൂന്ന് മരണം: ആന്ധ്രയുടെ വടക്കൻ ജില്ലകളിൽ കനത്ത മഴ; കേരളത്തിലും പരക്കെ മഴ
ദില്ലി: ഗുലാബ് ചുഴലിക്കാറ്റിൽ മരണം മൂന്നായി. ഒഡീഷയിൽ വീട് ഇടഞ്ഞ് വീണ് 46 കാരൻ മരിച്ചു. ആന്ധ്രയുടെ വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. കൊങ്കൺ മേഖലയിലും ശക്തമായ മഴയുണ്ട്.
ഗുലാബ് ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ കേരളത്തിലും പരക്കെ മഴയാണ്. കണ്ണൂർ,വയനാട്,കോഴിക്കോട്, മലപ്പുറം ,പാലക്കാട്,ഇടുക്കി ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലേർടട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോഡ് ,കണ്ണൂർ ജില്ലകളിൽ നാളെയും മുന്നറിയിപ്പുണ്ട്. കേരളം ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യബന്ധനത്തിന് പോകരുതെന്ന നിർദേശവും ഉണ്ട്.
ഗുലാബ് ചുഴലിക്കാറ്റ് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഒഡീഷ ആന്ധ്ര തീരം തൊട്ടത്. അതേസമയം പസഫിക് സമുദ്രത്തിൽ ശക്തമായി തുടരുന്ന മിണ്ടുല്ലെ ചുഴലിക്കാറ്റ് ദുർബലമായി ബംഗാൾ ഉൾക്കടലിൽ പ്രവേശിച്ച് വീണ്ടും ന്യൂന മർദത്തിന് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ
വിദഗ്ധഗ്ധരുടെ മുന്നറിയിപ്പുണ്ട്.
ഗഞ്ജം ഉൾപ്പെടെ ഒഡീഷയുടെ തെക്കൻ ജില്ലകളെയാണ് ഗുലാബ് ചുഴലിക്കാറ്റ് ഏറ്റവും അധികം ബാധിക്കുക. ആന്ധ്രാ പ്രദേശ് , ഒഡീഷ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന നാല് ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. രണ്ട് ട്രെയിനുകളുടെ സമയം പുനക്രകമീകരിച്ചു. 14 ട്രെയിനുകൾ വഴി തിരിച്ചുവിട്ടതായും ദക്ഷിണ റെയിൽവേ അറിയിച്ചു.