
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന കുംഭമേളയില്‍ സ്ത്രീകള്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വില്‍ക്കുന്നതായി കണ്ടെത്തിയതില്‍ കര്‍ശന നടപടിയുമായി പോലീസ്. ഇത്തരം ദൃശ്യങ്ങള്‍ വാങ്ങുന്നവരേയും അറസ്റ്റ് ചെയ്യുമെന്ന് കുംഭമേളയുടെ ചുമതലയുള്ള ഡി.ഐ.ജി. വൈഭവ് കൃഷ്ണ എന്‍.ഡി.ടി.വിയോട് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട 103 സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ തിരിച്ചറിഞ്ഞുവെന്നും പോലീസ് സംഘം സാമൂഹിക മാധ്യമങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഇത്തരം നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യുന്ന ചില സോഷ്യല്‍ മീഡിയാ പ്രൊഫൈലുകളും ഗ്രൂപ്പുകളും കഴിഞ്ഞദിവസം ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. ഞങ്ങള്‍ അവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഇവര്‍ ആരെല്ലാമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ ചെയ്തത് ഐ.ടി. ആക്റ്റ് പ്രകാരമുള്ള ക്രിമിനല്‍ കുറ്റമാണ്.’ -ഡി.ഐ.ജി. പറഞ്ഞു.
‘ഇത്തരം വീഡിയോകള്‍ വില്‍ക്കുന്നവരേയും വാങ്ങുന്നവരേയും അറസ്റ്റ് ചെയ്യും. ഞങ്ങളുടെ സോഷ്യല്‍ മീഡിയാ ടീം നിരന്തരമായി നിരീക്ഷണം നടത്തുന്നുണ്ട്. കര്‍ശനമായ നടപടിയുണ്ടാകും.’ -വൈഭവ് കൃഷ്ണ കൂട്ടിച്ചേര്‍ത്തു.
ഉത്തര്‍പ്രദേശ് പോലീസിന്റെ സോഷ്യല്‍ മീഡിയാ നിരീക്ഷണ വിഭാഗമാണ് കുംഭമേളയില്‍ പങ്കെടുക്കാനെത്തിയ സ്ത്രീകള്‍ കുളിക്കുന്നതിന്റേയും വസ്ത്രം മാറുന്നതിന്റേയും വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളില്‍ വില്‍പ്പനയ്ക്ക് വെച്ചതായി കണ്ടെത്തിയത്. ടെലിഗ്രാമിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയുമാണ് ദൃശ്യങ്ങള്‍ വില്‍ക്കാന്‍ ശ്രമിച്ചത്.