തോമസ് ചാണ്ടിയുടെ ലേക് പാലസിന് പിഴ ഇളവില്ല; സര്‍ക്കാര്‍ നിര്‍ദ്ദേശം തള്ളി ആലപ്പുഴ നഗരസഭ
ആലപ്പുഴ: മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിനു അനുകൂലമായ സര്‍ക്കാര്‍ നിര്‍ദ്ദേശം ആലപ്പുഴ നഗരസഭ തള്ളി. ലേക്പാലസിലെ അനധികൃത കെട്ടിടങ്ങള്‍ ക്രമവത്കരിക്കാനും നികുതി ഒന്നേകാല്‍ കോടിയില്‍നിന്ന് 35 ലക്ഷമാക്കാനുമുള്ള തദ്ദേശ അഡിഷണല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശം ആണ് നഗരസഭ തള്ളിയത്. തദ്ദേശ മന്ത്രിയുടെ ഓഫീസില്‍ നിന്ന് ഭീഷണി ഉള്ളതിനാലാണ് കൗണ്‍സില്‍ തീരുമാനത്തെ നഗരസഭാ സെക്രട്ടറി എതിര്‍ത്തതെന്നും നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് ആരോപിച്ചു
ലേക്ക് പാലസിന് രണ്ട് മാസത്തേക്ക് താത്കാലിക ലൈസന്‍സ് നല്‍കും. ഈ കാലയളവില്‍ ട്രിബ്യൂണല്‍ വഴിയോ മറ്റ് നിയമ സ്ഥാപനങ്ങള്‍ വഴിയോ എതിര്‍കക്ഷിക്ക് അവരുടെ ഭാഗം പറയാം. അതേസമയം, ഭരണപക്ഷ തീരുമാനത്തെ ഇടത് അംഗങ്ങള്‍ എതിര്‍ത്തു. സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. തോമസ് ചാണ്ടിയുടെ ഉടമസ്തതയിലുളള ലോക്ക് പാലസ് റിസോര്‍ട്ടിനു അനുകൂലമായ സര്‍ക്കാര്‍ ഉത്തരവ് ചട്ടവിരുദ്ധമെന്ന് നഗരസഭക്ക് നിയമോപദേശം ലഭിച്ച സാഹചര്യത്തില്‍ വിഷയത്തില്‍ തീരുമാനമെടുക്കാനാണ് നഗരസഭ കൗണ്‍സില്‍ ചേര്‍ന്നത്.