തൊടുപുഴ : കരിങ്കുന്നം ഗവ. എല്‍പി സ്‌കൂളിലെ താല്‍ക്കാലിക അധ്യാപിക തൊടുപുഴ ആനക്കൂട് സ്വദേശി കെ.ആര്‍. അമൃത പടിയിറങ്ങിയപ്പോള്‍ കരഞ്ഞുകൊണ്ടോടിയെത്തി ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. ‘പോകല്ലേ ടീച്ചറേ…’ തേങ്ങിക്കരഞ്ഞ് വിദ്യാര്‍ഥികള്‍ അപേക്ഷിച്ചപ്പോള്‍ സ്‌കൂളിന്റെ പടിയിറങ്ങുന്ന അമൃതയ്ക്കും സങ്കടം അടക്കാനായില്ല. വിദ്യാര്‍ത്ഥികളെ മാനസികമായി പീഡിപ്പിക്കുന്നു എന്ന പരാതിയില്‍ പുറത്താക്കിയതാണ് അമൃതയെ. തൊടുപുഴ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ എ.അപ്പുണ്ണി ഉത്തരവിലൂടെയാണ് അമൃതയെ പുറത്താക്കിയത്. എന്നാല്‍ അധ്യാപിക പടിയിറങ്ങിയപ്പോള്‍ കുട്ടികള്‍ കൂട്ടത്തോടെ കരഞ്ഞ് പ്രധാന ഗേറ്റിലേക്കോടി വന്നത് നാടകീയ രംഗങ്ങള്‍ക്ക് വഴിയൊരുക്കി.
കുട്ടികളെ അമൃത മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് ചില കുട്ടികളുടെ രക്ഷിതാക്കള്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കു വ്യാഴാഴ്ച പരാതി നല്‍കിയിരുന്നു. അമൃതയെ കൂടാതെ സ്‌കൂളിലെ പ്രധാനാധ്യാപിക പി.എസ്. ഗീതയും താല്‍ക്കാലിക അധ്യാപിക ജിനില കുമാറും കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് പ്രധാനാധ്യാപിക ഗീതയെ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ഇന്നലെ സസ്പെന്‍ഡ് ചെയ്യുകയും അമൃതയെയും ജിനില കുമാറിനെയും പുറത്താക്കുകയും ചെയ്തു.
ഉത്തരവ് വാങ്ങിയ ശേഷം ക്ലാസിലെത്തിയ അമൃത പൊട്ടിക്കരഞ്ഞു. ടീച്ചര്‍ പോകരുതെന്നു പറഞ്ഞ് കുട്ടികള്‍ വളഞ്ഞതോടെ അമൃത ക്ലാസില്‍ നിന്നു പുറത്തിറങ്ങി. ഇതിനിടെ സ്‌കൂളിലെ ചില അധ്യാപികമാര്‍ അമൃതയുടെ അടുത്തെത്തി പരുഷമായി സംസാരിക്കുകയും ചെയ്തു. ചില പിടിഎ അംഗങ്ങള്‍ സ്‌കൂളിലെത്തി അമൃതയെ കൂവി വിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. പിടിഎ അംഗങ്ങളുടെ അധിക്ഷേപത്തില്‍ മനം നൊന്ത് അമൃത സ്‌കൂളിനു പുറത്തേക്ക് ഓടിയപ്പോള്‍ കുട്ടികളും പ്രധാന ഗേറ്റ് വരെ ഓടിയെത്തി.
ഇടത് അധ്യാപക സംഘടനയിലെ അധ്യാപകര്‍ മാനസികമായി പീഡിപ്പിക്കുകയും മനഃപൂര്‍വം പരാതികള്‍ കെട്ടിച്ചമയ്ക്കുകയും ചെയ്താണെന്നാണ് അമൃതയുടെ ആരോപണം. സീനിയര്‍ അധ്യാപകര്‍ മാനസികമായി പീഡിപ്പിക്കുന്നു എന്ന് ആരോപിച്ച് ജില്ലാ വിദ്യാഭ്യാ ഉപഡയറക്ടര്‍ക്ക് പരാതി നല്‍കിയതിന്റെ പ്രതികാരം തീര്‍ക്കാനാണ് സംഘടനയിലെ അധ്യാപകര്‍ കള്ളപ്പരാതി ഉണ്ടാക്കിയതെന്നും അമൃത ആരോപിക്കുന്നു. അതേസമയം ഒരിക്കല്‍ പോലും ടീച്ചര്‍ തല്ലിയിട്ടില്ലെന്നു കുട്ടികള്‍ മാധ്യമപ്രവര്‍ത്തകരോടും നാട്ടുകാരോടും പറഞ്ഞു. മാധ്യമപ്രവര്‍ത്തകരെ കണ്ടതോടെ ചില പിടിഎ അംഗങ്ങള്‍ ഇവരെ ആക്രമിക്കാനും ക്യാമറ പിടിച്ചു വാങ്ങാനും ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി.
https://youtu.be/yDEXUjKiG3k