
കോഴിക്കോട്: കോൺഗ്രസിന്‍റെ ഈ പോക്ക് അപകടകരമെന്ന് മുൻ കെപിസിസി അധ്യക്ഷനും മുതിർന്ന നേതാവുമായ മുല്ലപ്പള്ളി രാമചന്ദ്രൻ. വ്യക്തിയാധിഷ്ഠിതമായ രാഷ്ട്രീയമല്ല ഇവിടെ വേണ്ടത്. ഇന്ത്യയെന്ന ആശയം തന്നെ വീണുടയുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. മോദിക്കെതിരെയാണ് പോരാട്ടം നടത്തേണ്ടതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
കോൺഗ്രസിന്റെ ഉത്തരവാദിത്വം വളരെ വലുതാണ്. പ്രൈമറി സ്കൂൾ കുട്ടികൾ പോലും ഇങ്ങനെ പെരുമാറില്ലെന്നും കുറ്റപ്പെടുത്തിയ മുല്ലപ്പള്ളി രാമചന്ദ്രൻ, വിഭാഗീയ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടരുതെന്നും ഓർമ്മിപ്പിച്ചു. ശശി തരൂർ വിഷയത്തിൽ എഐസിസി ഇടപെടേണ്ട സാഹചര്യം ഇല്ല. ”കേരളത്തിലെ നേതാക്കൾ തന്നെ തിരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരുവുകളിലേക്കിറങ്ങേണ്ട സമയമാണിത്. ഈ സാഹചര്യത്തിലാണ് പരസ്പരം പോരാടുന്നതെന്ന് കുറ്റപ്പെടുത്തിയ മുല്ലപ്പള്ളി, കെ മുരളീധരനെ പരോക്ഷമായി പരിഹസിച്ചു. ചിലർ രാവിലെ ഒന്നും ഉച്ചക്ക് വേറൊന്നും പറയുന്നു എന്നായിരുന്നു പരിഹാസം.
അതേസമയം, ശശി തരൂര്‍ വിവാദത്തോട് കരുതലോടെ അകലം പാലിക്കുയാണ് എഐസിസി നേതൃത്വം. പരസ്യ വിമര്‍ശനം ഒഴിവാക്കാനുള്ള നിര്‍ദ്ദേശം സംസ്ഥാന നേതൃത്വത്തിനും നല്‍കി. മറ്റന്നാള്‍ കേരളത്തിലെത്തി നേതാക്കളോട് സംസാരിച്ച് സംസ്ഥാനത്തിന്‍റെ ചുമതലയുള്ള സ്റ്റിയറിംഗ് കമ്മിറ്റി അംഗം താരിഖ് അന്‍വര്‍ റിപ്പോര്‍ട്ട് നല്‍കും. രണ്ടും കല്‍പിച്ചുള്ള ശശി തരൂരിന്‍റെ നീക്കത്തില്‍ എഐസിസി തലത്തില്‍ കടുത്ത അമര്‍ഷമുണ്ട്. എന്നാല്‍ ആ വികാരം പരസ്യമാക്കുന്നില്ല.
അധ്യക്ഷ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സംവിധാനങ്ങള്‍ ഒന്നടങ്കം എതിര് നില്‍ക്കുന്നു എന്ന പ്രതീതിയുണ്ടായത് തരൂരിന് അനുകൂലമായെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ വിഷയത്തെ കേരളത്തിലേക്ക് ഒതുക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്. തരൂരിനെതിരെ കേരളത്തില്‍ നടക്കുന്ന നീക്കത്തിന് പിന്നില്‍ എഐസിസി നേതൃത്വത്തിലെ ചിലരാണെന്ന വിമര്‍ശനത്തേയും കരുതലോടെയാണ് കാണുന്നത്. മറ്റന്നാള്‍ കോഴിക്കോടെത്തുന്ന താരിഖ് അന്‍വറിനോട് സ്ഥിതി മനസിലാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം.